പറഞ്ഞാൽ അനുസരിക്കാൻ മോദി അമ്മായിയുടെ മകനല്ല; യുദ്ധമുണ്ടായാൽ ഉടൻ നാടു വിടുമെന്ന് പാക് നേതാവ്

ഇസ്ലാമാബാദ്: ഇന്ത്യ-പാക് യുദ്ധമുണ്ടായാൽ അടുത്ത നിമിഷം ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെടുമെന്ന് പാക് രാഷ്ട്രീയ നേതാവ് ഷെർ അഫ്സൽ ഖാൻ മർവാത്ത്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ ശക്തമായ നടപടികൾക്ക് ഒരുങ്ങുന്ന സാഹചര്യത്തിലാണ് മാധ്യമങ്ങളോട് അഫ്സൽ ഖാൻ പ്രതികരിച്ചത്. പാക്കിസ്ഥാൻ നാഷണൽ അസംബ്ലിയിലെ അംഗമാണ് അഫ്സൽ. ഇന്ത്യ- പാക് യുദ്ധമുണ്ടായാൽ പോരാടുമോ എന്ന ചോദ്യത്തിനാണ് യുദ്ധമുണ്ടായാൽ ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് അഫ്സൽ മറുപടി നൽകിയത്.
സമൂഹമാധ്യങ്ങളിൽ അഫ്സലിന്‍റെ വാക്കുകൾ വൈറലാകുകകയാണ്. പാക് നേതാക്കൾക്ക് പോലും സ്വന്തം സൈന്യത്തിൽ വിശ്വാസമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിഹാസം ഉയരുന്നുണ്ട്.
സംഘർഷസാധ്യതയില്ലാതാക്കാൻ മോദി ശ്രമിക്കുമോ എന്ന ചോദ്യത്തിന് താൻ പറയുന്നത് കേട്ട് പിന്മാറാൻ മോദി തന്‍റെ അമ്മായിയുടെ മകനല്ല എന്നാണ് അഫ്സൽ ഇതേ വീഡിയോയിൽ മറുപടി നൽകിയിരിക്കുന്നത്.
https://x.com/ChillamChilli/status/1918739029769466146
പാക്കിസ്ഥാനിലെ മുതിർന്ന നേതാക്കളിൽ ഒരാളാണ് അഫ്സൽ. ഇമ്രാൻ ഖാന്‍റെ ടെഹ്രീക് ഇ ഇൻസാഫിലെ മുഖ്യ സ്ഥാനത്തുണ്ടായിരുന്ന അഫ്സൽ നിരന്തരം പാർട്ടിയെ വിമർശിക്കുന്നതിലൂടെയാണ് പദവികളിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.