ഇനി 100 ദിവസങ്ങൾ കൂടി; പൊന്നിയിൻ സെൽവൻ 2 റീലീസ് കൗണ്ട് ഡൗൺ ആരംഭിച്ചു

ponniyin

മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ സിരീസിലെ രണ്ടാം ഭാഗത്തിന്റെ റിലീസ് കൗണ്ട് ഡൗൺ ആരംഭിച്ചു. ഇനി നൂറ് ദിവസമാണ് പൊന്നിയിൻ സെൽവൻ 2 ന്റെ റിലീസിന്. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് കൗണ്ട് ഡൗൺ വീഡിയോ വഴി ഇത് അറിയിച്ചത്. ഏപ്രിൽ 28നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

2022 സെപ്റ്റംബറിൽ ആയിരുന്നു പൊന്നിയിൻ സെൽവൻ ആദ്യ ഭാഗത്തിന്റെ റിലീസ്. ചോള രാജവംശത്തിന്റെയും രാജരാജ ചോളനായ പൊന്നിയിൻ സെൽവന്റെയും കഥ പറയുന്ന സിനിമക്ക് വൻ വരവേൽപ്പാണ് ആസ്വാദകർ നൽകിയത്. ആദ്യ ഭാഗം അഞ്ഞൂറ് കോടിയിലേറെ രൂപയാണ് തീയറ്ററുകളിൽ നിന്നും നേടിയത്. 

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം രണ്ട് ഭാഗങ്ങളിലായി സിനിമ അണിയിച്ചൊരുക്കിയത്. വിക്രം, കാർത്തി, ജയം രവി, ജയറാം, തൃഷ, ഐശ്വര്യ റായി, ശരത് കുമാർ, പാർഥിപൻ, വിക്രം പ്രഭു, പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് പി എസ് 1 റിലീസ് ചെയ്തത്. രണ്ടാം ഭാഗവും ഇത്രയും ഭാഷകളിൽ തന്നെ റിലീസ് ചെയ്യും.
 

Share this story