അഭിനയജീവിതത്തിന് 16 വയസ്; നായകനായി അരങ്ങേറ്റം കുറിക്കാൻ സുബീഷ്

Movie

മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സുബീഷ് സുധി. ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് സുബീഷ് അരങ്ങേറ്റം കുറിക്കുന്നത്. അറബിക്കഥ, ലോഡ് ലിവിങ്സ്റ്റൻ 700 കണ്ടി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് സുബീഷ് കൈകാര്യം ചെയ്തത്.

അഭിനയജീവിതത്തിന്റെ 16 വർഷം പിന്നിടുമ്പോൾ നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് സുബീഷ്. രഞ്ജിത്ത് പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുബീഷ് നായകനാകുന്നത്. സംവിധായകൻ ലാൽജോസ് ആണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.

“സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്മേറ്റ്‌സ് എന്ന എന്റെ സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തിൽ പല സംവിധായകരുടെ സിനിമകളിൽ സുബീഷ് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.

സിനിമയിലേക്ക് പ്രവേശിച്ച് 16 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തിൽ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച വ്യക്തിയെന്ന നിലയിൽ ഈ വേളയിൽ ഏറ്റവും സന്തോഷിക്കുന്നതും ഞാൻ തന്നെയാവും.

നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്‌ജിത്ത്‌ പൊതുവാൾ, രഞ്ജിത്ത് ടി.വി എന്നിവർ ചേർന്നാണ്. കൂടുതൽ വിവരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകർ പിന്നീട് പുറത്തുവിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാൻ തയാറല്ലെന്ന നിശ്ചയദാർഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവിൽ എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നു.” ലാൽജോസ് കുറിച്ചു.

Share this story