‘കാട്ടുപോത്തിന് എന്ത് ഏത്തവാഴ’ ; പെട്രോള്‍ പമ്പിനു മുന്നിലെ ഐക്യദീപത്തിനെതിരെ നടന്‍ ലാല്‍

‘കാട്ടുപോത്തിന് എന്ത് ഏത്തവാഴ’ ; പെട്രോള്‍ പമ്പിനു മുന്നിലെ ഐക്യദീപത്തിനെതിരെ നടന്‍ ലാല്‍

പ്രധാനമന്ത്രി പ്രഖ്യാപിച്ച ഐക്യത്തിന്റെ ദീപത്തിന് പിന്തുണയറിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ചില അപകട റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ദീപം തെളിയിക്കാനോ ടോര്‍ച്ച് കത്തിക്കാനോ മാത്രമായിരുന്നു.

 

എന്നാല്‍ മിക്കയിടത്തും ആളുകള്‍ അതിരുവിട്ടു പെരുമാറുന്നതാണ് കണ്ടത്. തെരുവിലിറങ്ങി പ്രകടനം നടത്തിയും പടക്കം പൊട്ടിച്ചുമൊക്കെ അവര്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പെട്രോള്‍ പമ്പിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് വെച്ച് ഐക്യദീപത്തിനു പിന്തുണ അറിയിച്ച ചിത്രം പങ്കുവെച്ച് പരിഹാസവുമായി എത്തിയിരിക്കുകയാണ് നടന്‍ ലാല്‍.

 

ചിത്രം പങ്കുവെച്ച് ‘കാട്ടുപോത്തിന് എന്ത് ഏത്തവാഴ’ എന്നാണ് അടിക്കുറിപ്പായി ലാല്‍ എഴുതിയത്. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനുള്ള നടപടികളുടെ തുടര്‍ച്ചയായാണ് ദീപം തെളിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, അജു വര്‍ഗ്ഗീസ്, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ദുല്‍ഖര്‍, രജനീകാന്ത്, നയന്‍താര, അനുശ്രീ, ഹണി റോസ് തുടങ്ങിയ താരങ്ങള്‍ ദീപം തെളിയിച്ചു.

Share this story