രവി വള്ളത്തോളിന്റേയും ജഗതി ശ്രീകുമാറിന്റേയും അപൂര്‍വ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം

രവി വള്ളത്തോളിന്റേയും ജഗതി ശ്രീകുമാറിന്റേയും അപൂര്‍വ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം

അന്തരിച്ച നടന്‍ രവി വള്ളത്തോളിന്റേയും നടന്‍ ജഗതി ശ്രീകുമാറിന്റേയും അപൂര്‍വ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 1970കളില്‍ കേരള സര്‍വകലാശാലയുടെ ഒരു നാടകമത്സരത്തില്‍ പങ്കെടുത്ത ‘നടീനടന്‍മാ’രാണിവര്‍. ആ കഥ രവി വള്ളത്തോള്‍ പറയുന്നതിങ്ങനെ.

 

‘ഏഴില്‍ പഠിക്കുമ്പോഴാണ് സ്‌കൂള്‍ നാടകത്തിലേക്കുള്ള അരങ്ങേറ്റം. പത്താം ക്ലാസുകാരുടെ നാടകത്തില്‍ അഭിനയിക്കാന്‍ ഒരു പെണ്‍കുട്ടി വേണം. പെണ്‍കുട്ടികളാരും തയാറാവാഞ്ഞപ്പോഴാണ് അവര്‍ എന്റെ അടുത്തെത്തുന്നത്. ടി.എന്‍ ഗോപിനാഥന്‍നായരുടെ മകന്‍ എന്നതാണ് ക്വാളിഫിക്കേഷന്‍. പാവാടയുടുത്ത് മുടിയൊക്കെ സംഘടിപ്പിച്ചു. പൂജപ്പുര രാമച്ചേട്ടനാണ് ആദ്യമായി മുഖത്ത് ചായമിടുന്നത്. അതോടെ ശരിക്കുമൊരു പെണ്‍കുട്ടിയായി. പിന്നെ ഒരുപാടു നാടകങ്ങളില്‍ ഞാന്‍ പെണ്‍വേഷമിട്ടിട്ടുണ്ട്.’

 

ജഗതി ശ്രീകുമാര്‍ പിന്നീട് മലയാളം കണ്ട മികച്ച ഹാസ്യനടനായി മാറി. രവി വള്ളത്തോള്‍ സീരിയലുകളിലും സിനിമകളിലുമായി ശ്രദ്ധിക്കപ്പെട്ടു. 2012ല്‍ കാറപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ തന്റെ ആത്മമിത്രത്തെ കാണാന്‍ രവി വള്ളത്തോള്‍ ചെന്നിരുന്നു. ജഗതിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് രവി വള്ളത്തോളിനുണ്ടായിരുന്നത്. ജഗതിയുടെ അച്ഛന്‍ എന്‍ കെ ആചാരിയും രവി വള്ളത്തോളിന്റെ അച്ഛനും നാടകാചാര്യനുമായിരുന്ന ടി എന്‍ ഗോപിനാഥന്‍ നായരും അടുത്ത സുഹൃത്തുക്കളായിരുന്നു.

ജഗതിയും രവിയും നാലാംക്ലാസ് മുതല്‍ ഒന്നിച്ചു പഠിച്ചവരാണ്. ഒരുമിച്ച് നിരവധി നാടകങ്ങളും കളിച്ചിട്ടുണ്ട്. നാടകങ്ങളില്‍ ഗൗരവമാര്‍ന്ന വേഷങ്ങള്‍ ചെയ്തിട്ടുള്ള ജഗതി സിനിമയില്‍ കോമഡി ചെയ്യുന്നതു കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് രവി വള്ളത്തോള്‍ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

Share this story