ആദ്യം വലിയ മാനസികാഘാതമായിരുന്നു, മകളെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും അഞ്ജലി നായര്‍

ആദ്യം വലിയ മാനസികാഘാതമായിരുന്നു, മകളെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും അഞ്ജലി നായര്‍

ലോക്ഡൗണ്‍ സമയത്ത് ജിബൂത്തിയില്‍ കുടുങ്ങിയതിനെ കുറിച്ച് നടി അഞ്ജലി നായര്‍. കേരളത്തില്‍ നിന്നു 3700 കിലോമീറ്റര്‍ അകലെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കുഞ്ഞു രാജ്യമായ ജിബൂത്തിയിലാണ് അഞ്ജലി നായര്‍ അടങ്ങുന്ന 60 അംഗ സംഘം. ലോക്ഡൗണിനെത്തുടര്‍ന്ന് രണ്ടു മാസത്തോളമായി ഇവര്‍ കുടുങ്ങിക്കിടക്കുകയാണ്.

ഈസ്റ്ററും വിഷുവുമെല്ലാം ആഘോഷിച്ച് ലോക്ഡൗണിലെ വിഷമങ്ങള്‍ മറികടക്കുന്നുണ്ട് മലയാളി സംഘം. നമ്മുടെ മിസോറം സംസ്ഥാനത്തിന്റെ അത്ര വലുപ്പം മാത്രമുള്ള ജിബൂത്തിയിലെ കോവിഡ് അനുഭവങ്ങളെ കുറിച്ച് നടി അഞ്ജലി നായര്‍ സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കുടുംബത്തോടൊപ്പമല്ലാത്ത ആദ്യത്തെ വിഷുവാണു കടന്നുപോയത്. മകളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അവളുടെ പിറന്നാളായിരുന്നു ഏപ്രില്‍ 10ന്. മേയില്‍ ലോക്ഡൗണ്‍ നീങ്ങി തിരികെ നാട്ടിലെത്താനുള്ള കാത്തിരിപ്പാണിപ്പോള്‍ എന്ന് അഞ്ജലി പറയുന്നു.

കോവിഡ് ഭീഷണി ഉയര്‍ന്നപ്പോള്‍ ഇത്ര ഭയാനകമാകുമെന്ന് ആദ്യം കരുതിയിരുന്നില്ല. പിന്നീട് ഓരോ ദിവസവും സ്ഥിതി വഷളായി വരുന്നതു ഞങ്ങള്‍ തൊട്ടറിയുകയായിരുന്നു. ഫെബ്രുവരിയില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. മാര്‍ച്ച് 8നാണ് ഞാന്‍ സെറ്റില്‍ എത്തുന്നത്. ദോഹ വഴിയാണ് ഇവിടെയെത്തിയത്. അവിടെ വലിയ പരിശോധനയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ജിബൂത്തി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ മറ്റൊരു അവസ്ഥയായിരുന്നു. എങ്ങും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. മാസ്‌കും സാനിറ്റൈസറും കയ്യുറകളും മറ്റും കയ്യില്‍ കരുതിയിരുന്നതുകൊണ്ട് കുഴപ്പങ്ങള്‍ ഉണ്ടാകാതെ രക്ഷപ്പെട്ടു. 9ന് ചിത്രീകരണം ആരംഭിച്ചു.

ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് എനിക്ക്. മാര്‍ച്ച് 17ന് ജിബൂത്തിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള തജൂറയിലേക്ക് പോയി. അവിടെ ദിലീഷിനൊപ്പമുള്ള ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം തിരിച്ച് ജിബൂത്തിയില്‍ എത്തിയപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ആദ്യം വലിയ മാനസികാഘാതമായിരുന്നു. പിന്നെ അതുമായി പൊരുത്തപ്പെട്ടു. ഇവിടെ ഇതുവരെ ഒന്നിനും കുറവുണ്ടായിട്ടില്ല. ഭക്ഷണവും കൃത്യമായി കിട്ടുന്നുണ്ട്. ദിവസങ്ങള്‍ മുന്നോട്ടു പോകുന്നത് വളരെ രസകരമായാണ്. രാവിലെ തന്നെ സ്പീക്കറില്‍ പാട്ടുകള്‍ വയ്ക്കും. എല്ലാവരും ഒന്നിച്ചിരുന്ന് അവരവരുടെ ജീവിതാനുഭവങ്ങളും രസകരമായ കഥകളുമൊക്കെ പങ്കുവയ്ക്കും.

എന്നും വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകാറുണ്ട്. താമസിക്കുന്ന വില്ലയുടെ ചുറ്റുവട്ടത്തുകൂടിയാണ് നടത്തം. പിന്നെ സമയം കളയാന്‍ കണ്ടെത്തിയ മറ്റൊരു മാര്‍ഗം ലൂഡോയാണ്. എല്ലാവരും ഒന്നിച്ചിരുന്നാണ് ലൂഡോ കളിക്കുന്നത്. ബോറടിയൊന്നുമില്ലെങ്കിലും വേണ്ടപ്പെട്ടവരെ കാണാന്‍ കഴിയാത്തതാണ് ഒരേയൊരു വിഷമം.

‘ജിബൂട്ടി’ എന്ന പേരില്‍ എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് ദിലീഷ് പോത്തന്‍, അഞ്ജലി നായര്‍ എന്നിവരടക്കമുള്ളവരിവിടെയത്തിയത്.

Share this story