ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനെതിരെ ആക്രമണം; ഷൂട്ടിംഗ് നിർത്തി വെച്ചു

Shoting

കോഴിക്കോട്: കോഴിക്കോട് ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനെതിരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം. ചിത്രീകരണത്തിനായി തയ്യാറാക്കിയ അലങ്കാര ബൾബുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ അക്രമികൾ നശിപ്പിച്ചു. ഷമീർ പരവന്നൂർ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേട്’ എന്ന സിനിമയുടെ സെറ്റിലാണ് സംഭവം. അക്രമത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു.

ചേന്ദമംഗലൂരിലെ മിനി പഞ്ചാബി പള്ളിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ റോഡിലൂടെ കടന്നുപോയ രണ്ട് പേർ പള്ളിയിൽ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് പറഞ്ഞ് സിനിമയുടെ സെറ്റിൽ പ്രവേശിച്ചതായി സംവിധായകൻ ഷമീർ പരവന്നൂർ പറഞ്ഞു. പള്ളി അധികൃതരുടെ അനുമതിയോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചതെന്നും ആരാണ് അക്രമം നടത്തിയതെന്ന് അറിയില്ലെന്നും ഷമീർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് സംവിധായകനിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അക്രമം നടത്തിയവരെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും മുക്കം പൊലീസ് അറിയിച്ചു. 

Share this story