കാത്തിരിപ്പിന് വിരാമം ; ‘കാന്താര’ ഒടിടിയിലെത്തി, ആമസോണ്‍ പ്രൈമിൽ ലഭ്യം

Kandhara

കെജിഎഫ് സീരീസിന് ശേഷം കന്നഡ സിനിമാ മേഖലയിൽ നിന്ന് വൻ ഹിറ്റായി മാറിയ ‘കാന്താര’ അതിന്‍റെ ഒടിടി പ്രദർശനം ആമസോൺ പ്രൈമിൽ ആരംഭിച്ചു. ആഗോള ബോക്സ് ഓഫീസിൽ 400 കോടിയിലധികം രൂപ നേടിയ ചിത്രം കേരളത്തിൽ നിന്ന് 20 കോടിയോളം രൂപ കളക്ട് ചെയ്തു.

ആദ്യം കന്നഡയിൽ മാത്രം റിലീസ് ചെയ്ത ഈ ചിത്രം കർണാടകയിൽ കെജിഎഫ് 2 നേക്കാൾ കൂടുതൽ കളക്ഷൻ നേടി. റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് മലയാളത്തിലെത്തിച്ചത്. ‘കെജിഎഫ്’ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിച്ച് സെപ്റ്റംബർ 30നു റിലീസ് ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ തരംഗങ്ങൾ സൃഷ്ടിക്കുകയും വിവിധ സംവിധായകരിൽ നിന്നും നിരൂപകരിൽ നിന്നും പ്രശംസ നേടുകയും ചെയ്തു.

തുളുനാടിന്‍റെ തെയ്യം പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തിൽ ഐതിഹ്യവും ആക്ഷനും സംയോജിപ്പിക്കുന്ന ചിത്രമാണ് കാന്താര. ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനം കേസിനെ തുടർന്ന് വിലക്കിയപ്പോഴും കാന്താര വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈണത്തില്‍ മാറ്റംവരുത്തിയും കേസിലുള്‍പ്പെട്ട സംഗീതഭാഗങ്ങള്‍ മാറ്റിയും ഉണ്ടാക്കിയ ‘വരാഹരൂപം’ ആണ് ഇപ്പോള്‍ ചിത്രത്തിനൊപ്പമുള്ളത്.

Share this story