വിജയ് നായകനാകുന്ന ‘വാരിസി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Movie

വിജയ് ആരാധകർ ആകാംക്ഷയോടെയാണ് ‘വാരിസി’ നായി കാത്തിരിക്കുന്നത്. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാരിസി’ന്‍റെ അപ്ഡേറ്റുകൾക്ക് ആരാധകരിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് ചിത്രത്തിൻ്റെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്.

‘വാരിസ്’ ഒരു കുടുംബ കഥ കൂടിയാകുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. എസ് തമൻ സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോൾ ഓഫ് വാരിസ്’, ‘ജിമിക്കി പൊന്നു’, ‘വാ തലൈവ’ തുടങ്ങിയ ഗാനങ്ങൾ ഉൾക്കൊള്ളുന്ന ജുക്ക്ബോക്സ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കാർത്തിക് പളനിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. പ്രവീൺ കെഎൽ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കലിന് തീയേറ്ററുകളിലെത്തും.

മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ 2019 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ സംവിധായകനാണ് ‘വാരിസ്’ സംവിധാനം ചെയ്യുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണിത്. ഫാമിലി എന്‍റർടെയിനർ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുന്നത്.

Share this story