'ആടുജീവിതം' ഒടിടിയിലേക്ക്; സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്

Adu jeevitham

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്.

റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ കൊണ്ടുതന്നെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

തിയേറ്ററുകളിൽ നിറഞ്ഞോടികൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ആണ് ചർച്ചയാവുന്നത്. ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റെക്കോർഡ് തുകയ്ക്കാണ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള് റിപ്പോർട്ട് ചെയ്യുന്നത്.

റിലീസ് ഡേറ്റ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ അൺകട്ട് വെർഷനായിരിക്കും ഒടിടിയിൽ സ്ട്രീം ചെയ്യുക.ഇപ്പോൾ തീയേറ്ററിലുള്ളത് 2 മണിക്കൂർ 57 മിനിറ്റ് ദൈർഘ്യമുള്ള വേർഷനാണ്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

Share this story