ബിഎംഡബ്ല്യു 1250 ജിഎസ് സ്വപ്നം സാക്ഷാത്കരിച്ച് മഞ്ജു; നന്ദി തലയ്ക്ക്

Manju

ഇരുചക്ര വാഹനത്തിനുള്ള ലൈസന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ പുതിയ ബൈക്കും സ്വന്തമാക്കി മഞ്ജു വാര്യർ. നടി തന്നെയാണ് തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചത്. തുടക്കം കുറിക്കാൻ ഏറ്റവും നല്ലത് ധൈര്യത്തിന്റെ ചെറിയ ചുവടുവെക്കുക എന്നതാണ്, ഒരു നല്ല റൈഡറാകാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് എന്നും മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു.

പ്രചോദനമായ നടൻ അജിത്തിനും മഞ്ജു നന്ദി പറഞ്ഞു. താരങ്ങളും ആരാധകരുമടക്കം ഒട്ടേറെപ്പേരാണ് മഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. നടന്മാരായ മാധവൻ, രമേശ് പിഷാരടി, ടോവിനോ തോമസ്, നടിമാരായ ഭാവന, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും മഞ്ജുവിന് ആശംസ നേർന്നു.   

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 1250 ജിഎസ് എന്ന ബൈക്ക് ആണ് നടി സ്വന്തമാക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബൈക്കിന് 28 ലക്ഷം രൂപയാണ് വില. ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് മഞ്ജു വാര്യർ ലൈസൻസ് എടുക്കുന്ന വേളയിൽ പറഞ്ഞിരുന്നു. തുനിവ് എന്ന ചിത്രത്തിന്റെ ഇടവേളയിൽ നടൻ അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റർ ദൂരമുള്ള ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു.

അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജുവും വാങ്ങിയിരിക്കുന്നത്. 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് കുമാര്‍ ഈ വര്‍ഷം നടത്തുന്നുണ്ട്. ലൈസന്‍സ് സ്വന്തമാക്കിയ മഞ്ജു വാര്യരും ഈ ട്രിപ്പില്‍ പങ്കെടുക്കുമെന്നാണ് വിവരം. 

Share this story