വിക്രത്തിന് അപകടം; വാരിയെല്ലിന് പരിക്ക്: പൂർണ ആരോ​ഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് താരം

Vikoam

ചിയാൻ വിക്രത്തിന് അപകടം. 'തങ്കലാൻ' എന്ന ചിത്രത്തിനുവേണ്ടിയുള്ള റിഹേഴ്സലിനിടെയാണ് താരത്തിന് പരിക്കുപറ്റിയത്. പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് 'തങ്കലാൻ'. ഈ ചിത്രത്തിന്റെ റിഹേഴ്സലിനിടെയാണ് വിക്രമിന് വാരിയെല്ലിന് പരിക്കുപറ്റിയത്. ഇതേ തുടർന്ന് ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനിൽക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. പൂർണ ആരോ​ഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

'നച്ചത്തിരം നഗർകിറത്' എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് ചിത്രത്തിലെ നായികമാർ. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

തമിഴ് പ്രഭയാണ് തിരക്കഥാ രചനയിലെ പങ്കാളി. അഴകിയ പെരിയവൻ സംഭാഷണവും എ. കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്.എസ്. മൂർത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അറിവ്, മൗനൻ യാത്രിഗൻ എന്നിവരുടേതാണ് വരികൾ. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Share this story