ഹോളിവുഡ് സൂപ്പർ താരം വിൽ സ്മിത്ത് ഇന്ത‍്യൻ സിനിമയിലേക്ക്; അല്ലു അർജുൻ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചേക്കും
നടൻ അല്ലു അർജുന്‍റെ വില്ലനായി ഹോളിവുഡ് സൂപ്പർ താരം വിൽ സ്മിത്ത് എത്തിയേക്കുമെന്ന് റിപ്പോർട്ട്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ രാക്കയിലായിരിക്കും താരമെത്തുക. ചിത്രത്തിന്‍റെ ഭാഗമാകുന്നതിന് വിൽ സ്മിത്തുമായി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ചർച്ച നടത്തിവരുകയാണെന്നാണ് ഇംഗ്ലിഷ് പത്രമായ മിഡ് ഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിൽ സ്മിത്തിന്‍റെ ലഭ‍്യത അനുസരിച്ച് വിദേശ ലൊക്കേഷൻ തീരുമാനിക്കുമെന്നും താരത്തിന്‍റെ കോസ്റ്റ‍്യൂംസ് അണിയറ പ്രവർത്തകർ നിശ്ചയിച്ചു കഴിഞ്ഞെന്നുമാണ് പുറത്തുവരുന്ന വിവരം. വിൽ സ്മിത്ത് എത്തുകയാണെങ്കിൽ താരത്തിന്‍റെ ആദ‍്യ ഇന്ത‍്യൻ ചിത്രം കൂടിയായിരിക്കും ഇത്.
700 കോടിയിലധികം രൂപ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ മുഖ‍്യവേഷത്തിലെത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ വിൽ സ്മിത്തും ചിത്രത്തിന്‍റെ ഭാഗമാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. മൃണാൾ ഠാക്കൂർ, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷത്തിലെത്തും. അല്ലു അർജുന്‍റെ 22ാം ചിത്രമാണ് രാക്ക.
