ഇത് ശരിക്കും വെറുപ്പിക്കലാണ്; 'ജയിലർ 2' ഗാനത്തിനെതിരെ വിമർശനം
സൂപ്പർസ്റ്റാർ രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രം 'ജയിലർ 2'-ലെ 'അല ബോലെലോ' എന്ന ഗാനത്തിന്റെ പ്രൊമോ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിവാദം. പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന മലയാളം വാക്കുകളുടെ തെറ്റായ ഉച്ചാരണത്തിനെതിരെ മലയാളി പ്രേക്ഷകർ രൂക്ഷവിമർശനവുമായി രംഗത്തെത്തി. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രമാണ് ജയിലർ 2. രജനികാന്തും, ഷംനാ കാസിമും അഭിനയിച്ച അല ബോലെലോ എന്ന പാട്ടിന് സംഗീതം നൽകിയത് അനിരുദ്ധ് രവിചന്ദറാണ്.
32 സെക്കൻഡ് ദൈർഘ്യമുള്ള പ്രൊമോ വീഡിയോയിൽ പരമ്പരാഗത കസവ് സാരിയിൽ ഷംനാ കാസിം നൃത്തം ചെയ്യുന്നതും അവസാന ഭാഗത്ത് രജനികാന്ത് പ്രത്യക്ഷപ്പെടുന്നതും കാണാം. എന്നാൽ ഗാനത്തിലെ ചില മലയാളം വാക്കുകൾ തെറ്റായി ഉച്ചരിച്ചത്, മലയാളികളെ ചൊടിപ്പിച്ചിരിക്കുകയാണ്.
തമിഴ് സിനിമകളിലോ പാട്ടുകളിലോ മലയാളം ഉൾപ്പെടുത്തുമ്പോൾ അത് ശരിയായി ഉച്ചരിക്കാൻ കഴിയുന്നത് ഉപയോഗിക്കുക. 'ള' പോലെയുള്ള അക്ഷരങ്ങൾ തെറ്റായി പാടുന്നത് കേൾക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടാണ്, ഇത് ഭാഷയോടുള്ള അനാദരവാണ്," എന്ന് ഒരു ആരാധകൻ കുറിച്ചു. മലയാളം കൃത്യമായി അറിയാവുന്ന ഗായകരെയും ഗാനരചയിതാക്കളെയും ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
Dear Tamils,please don’t include Malayalam in your songs or dialogues unless it’s pronounced correctly. Mispronouncing words,especially the “la” sounds, can be really irritating to Malayalis and may feel disrespectful to our language. This is NOT Malayalam 😴#Jailer2 #AlaBolelo pic.twitter.com/hVmm35bama
— Ashwin Krishna E 🦁 (@chiyaanashwin) August 19, 2026
വിമർശനങ്ങൾ ഒരുവശത്ത് തുടരുമ്പോഴും, പ്രൊമോയുടെ സ്റ്റൈലിഷ് ലുക്കിനും താളത്തിനും മികച്ച പിന്തുണ നൽകുന്നവരും കുറവല്ല. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ സമ്പൂർണ ഗാനം റിലീസ് ചെയ്യുന്നതോടെ വിവാദങ്ങൾക്ക് ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ചിത്രം ഒക്ടോബർ 15-ന് തിയേറ്ററുകളിൽ എത്തും.
