ജന നായകൻ റിലീസ് പ്രതിസന്ധി ഒഴിയുന്നില്ല: ഹർജിയിൽ വിധി 9ന്, റിലീസ് തീരുമാനിച്ചതും അതേ ദിവസം
രാഷ്ട്രീയത്തിൽ സജീവമായ വിജയ് യുടെ അവസാന ചിത്രമെന്ന പേരിൽ ശ്രദ്ധേയമായ ജന നായകന്റെ റിലീസ് പ്രതിസന്ധിയൽ. സെൻസർ സർട്ടിഫിക്കറ്റിന് വേണ്ടി നിർമാതാക്കൾ നൽകിയ ഹർജിയിൽ വിധി ജനുവരി 9ന് രാവിലെ പുറപ്പെടുവിക്കുമെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. അതേ സമയം ചിത്രം റിലീസ് ചെയ്യാനിരുന്നതും ജനുവരി 9ന് തന്നെയായിരുന്നു
സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു തുടങ്ങിയ പരാതികൾ ലഭിച്ചതിനാൽ ചിത്രം വീണ്ടും കാണാൻ റിവൈസിംഗ് കമ്മിറ്റിക്ക് കൈമാറിയെന്ന് സെൻസർ ബോർഡ് അറിയിച്ചു
ഇതേ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. അനാവശ്യ കാലതാമസം വരുത്തുന്നതിലൂടെ കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു. 9ന് നിശ്ചയിച്ച റിലീസ് 10ലേക്ക് മാറ്റുന്നതിൽ എതിർപ്പുണ്ടോയെന്ന് കോടതി ചോദിച്ചു.
