ഡബിൾ റോളിൽ ജോജു ജോർജ്: 'ഇരട്ട'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Movie

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ ജോജു ജോർജ് തൻ്റെ കരിയറിൽ ആദ്യമായി ഡബിൾ റോളിൽ എത്തിയ ചിത്രമാണ് 'ഇരട്ട'. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട് - ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ നിർമ്മിക്കുന്ന ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

മാർച്ച് 3ന് ചിത്രത്തിൻ്റെ സ്ട്രീമിംഗ് ആരംഭിക്കും. പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഇരട്ട സഹോദരങ്ങളായ വിനോദ്, പ്രമോദ് എന്നീ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതമാണ് ചിത്രത്തിൽ വരച്ചുകാട്ടിയിരിക്കുന്നത്. ഈ ഇരട്ടകൾക്കിയിൽ അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ചിത്രത്തെ കൂടുതൽ ആകാംക്ഷ നിറഞ്ഞതാക്കുന്നു. അഞ്ജലിയാണ് ചിത്രത്തിലെ നായിക. ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രം തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയാണ് തിയേറ്ററുകളിൽ സമ്മാനിച്ചത്. 

ഇരട്ടയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്. അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന സിനിമയിൽ സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ്‌ , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.

Share this story