മലയാള നായകന്മാരുടെ കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 5 ലിസ്റ്റ്

Movie

കഴിഞ്ഞ വര്‍ഷം ജനപ്രീതിയില്‍ മുന്നിലെത്തിയ മലയാളത്തിലെ അഞ്ച് നായക നടന്‍മാരുടെ ലിസ്റ്റ് പുറത്ത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടത്. പോയ വര്‍ഷം വലിയ വിജയങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിക്കാതിരുന്നിട്ടും മോഹന്‍ലാലിന്റെ ജനപ്രീതിയില്‍ തെല്ലും കുറവ് സംഭവിച്ചിട്ടില്ലെന്നാണ് ലിസ്റ്റ് വ്യക്തമാക്കുന്നത്. 

പട്ടികയില്‍ മോഹന്‍ലാലാണ് ഒന്നാം സ്ഥാനത്ത്. മെഗാ സ്റ്റാര്‍ മമ്മൂട്ടി തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. പൃഥ്വിരാജ് സുകുമാരനാണ് മൂന്നാം സ്ഥാനത്ത്. ഫഹദ് ഫാസില്‍ നാലാം സ്ഥാനത്തും ടൊവിനോ തോമസ് അഞ്ചാം സ്ഥാനത്തുമുണ്ട്. അതേസമയം, ദുല്‍ഖര്‍ സല്‍മാന് ആദ്യ അഞ്ചില്‍ ഇടംനേടാനായില്ല. 

കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും നാല് വീതം ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആറാട്ട്, മോണ്‍സ്റ്റര്‍, ട്വല്‍ത്ത് മാന്‍, ബ്രോ ഡാഡി എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയത്. ഇതില്‍ ഡയറക്ട് ഒടിടി റിലീസായെത്തിയ ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും മോശമല്ലാത്ത പ്രതികരണം നേടിയപ്പോള്‍ ആറാട്ട്, മോണ്‍സ്റ്റര്‍ എന്നിവ ഇനീഷ്യല്‍ കളക്ഷനില്‍ മാത്രമാണ് പിടിച്ചുനിന്നത്. 

അതേസമയം, നാല് വ്യത്യസ്തമായ വേഷങ്ങളിലാണ് കഴിഞ്ഞ വര്‍ഷം മമ്മൂട്ടി എത്തിയത്. ഭീഷ്മ പര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് അവ. ഇതില്‍ പുഴു ഒഴികെ എല്ലാ ചിത്രങ്ങളും തിയേറ്റര്‍ റിലീസുകള്‍ ആയിരുന്നു. സിബിഐ 5ന് മികച്ച ഇനീഷ്യല്‍ ലഭിച്ചെങ്കിലും ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഭീഷ്മ പര്‍വ്വം, റോഷാക്ക് എന്നിവ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. 

Share this story