മലബാറിന്റെ സ്വന്തം ചിരി സാമ്രാട്ട് വിടവാങ്ങി;നടൻ മാമുക്കോയ അന്തരിച്ചു

mamukkoya

നടൻ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടൂരിലെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു

ഹൃദയാഘാതത്തിന് പുറമെ തലച്ചോറിൽ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത്. ജീവിതത്തിലും സിനിമയും തനി കോഴിക്കോടുകാരനായിരുന്നു മാമുക്കോട. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് സിനിമയിലെ അഭിവാജ്യ ഘടകമായി. ഹാസ്യ റോളുകളും ക്യാരക്ടർ വേഷങ്ങളും അദ്ദേഹത്തിന് ഒരു പോലെ വഴങ്ങുമായിരുന്നു

കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മകളിൽ എന്നും സജീവമായിരുന്നു മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീർ, ബാബുരാജ്, എസ് കെ പൊറ്റക്കാട് തുടങ്ങിയവരുമായി അടുത്ത സൗഹൃദവും അദ്ദേഹത്തിനുണ്ടായിരുന്നു. സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. മുഹമ്മദ് നിസാർ, ഷാഹിദ, നാദിയ, അബ്ദുൽ റഷീദ് എന്നിവർ മക്കളാണ്.
 

Share this story