‘മീസയ മുറുക്ക് 2’ ആരംഭിച്ചു; സംവിധായകന്റെ റോളിൽ തിരിച്ചെത്തി ഹിപ്‌ഹോപ് തമിഴ

സംഗീത സംവിധായകനും നടനുമായ ഹിപ്‌ഹോപ് തമിഴ (ആദി) ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമിട്ടു. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ ആദ്യ സിനിമയായ *മീസയ മുറുക്ക് ൻ്റെ രണ്ടാം ഭാഗം മീസയ മുറുക്ക് 2’ ൻ്റെ ചിത്രീകരണം ചെന്നൈയിൽ തുടങ്ങി. പുതിയ സിനിമയുടെ പൂജാ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് അണിയറപ്രവർത്തകർ ഈ വിവരം ഔദ്യോഗികമായി അറിയിച്ചു.
2017-ൽ പുറത്തിറങ്ങിയ ‘മീസയ മുറുക്ക്’ മികച്ച വിജയം നേടിയിരുന്നു. ഹിപ്‌ഹോപ് തമിഴയുടെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ സിനിമ യുവതലമുറക്കാർക്കിടയിൽ ഏറെ ശ്രദ്ധ നേടി. ഈ സിനിമയുടെ രണ്ടാം ഭാഗം അതേ ആവേശം നിലനിർത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പുതിയ സിനിമയിൽ ഹിപ്‌ഹോപ് തമിഴ തന്നെയാണ് നായകനായി എത്തുന്നത്. മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യ ഭാഗത്തിലെ ഹിറ്റ് ഗാനങ്ങൾ പോലെ രണ്ടാം ഭാഗത്തിലും ഹിപ്‌ഹോപ് തമിഴയുടെ സംഗീതം ഉണ്ടാകുമെന്നാണ് കരുതുന്നത്.
മീസയ മുറുക്ക് 2’ വിൻ്റെ ചിത്രീകരണം വേഗത്തിൽ പൂർത്തിയാക്കി ഈ വർഷം തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം.