ജയിലർ 2 ൽ മോഹൻലാലിന് ഡ്യൂപ്പ്; ചിത്രങ്ങൾ പുറത്തുവിട്ട് ജോബി കൊടകര: സമൂഹമാധ്യമങ്ങളിൽ ചർച്ചയും വിവാദവും
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ വലിയ വിജയം നേടിക്കൊണ്ടിരിക്കുന്ന 'ജയിലർ 2' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പ്രകടനവും സ്ക്രീൻ ടൈമുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതിനിടയിലാണ് മിമിക്രി കലാകാരനും നടനുമായ ജോബി കൊടകര ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.
മോഹൻലാലിന്റെ വേഷവിധാനത്തിലുള്ള തന്റെ ചിത്രങ്ങളും എസ്.ജെ. സൂര്യ, ജാക്കി ഷ്രോഫ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് ജോബി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റെ രൂപസാദൃശ്യമുള്ള ഡ്യൂപ്പായി (Body Double) താൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് ജോബി വ്യക്തമാക്കിയതോടെയാണ് ആരാധകർക്കിടയിൽ ചർച്ചകൾ ആരംഭിച്ചത്. സിനിമയുടെ ക്ലൈമാക്സ് ഉൾപ്പെടെയുള്ള ചില നിർണായക രംഗങ്ങളിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെയാണ് ഉപയോഗിച്ചതെന്ന തരത്തിലുള്ള സംശയങ്ങളും ആരാധകർ ഉന്നയിക്കുന്നുണ്ട്.
ഇതിനിടയിൽ, ചിത്രത്തിൽ മോഹൻലാലിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും പ്രധാനപ്പെട്ട സീനുകളും എഡിറ്റിംഗിൽ ഒഴിവാക്കപ്പെട്ടുവെന്ന് കാട്ടി മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ രംഗത്തെത്തിയത് വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. സിനിമയിൽ മോഹൻലാലിന്റെ സാന്നിധ്യം വെട്ടിച്ചുരുക്കിയതിലും ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന അഭ്യൂഹങ്ങളിലും മോഹൻലാൽ ആരാധകർ കടുത്ത നിരാശയിലാണ്.
ജയിലർ 2ൽ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രജനീകാന്തിനെ നേരിട്ട് കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ജോബി കുറിച്ചിരുന്നു.
എസ്.ജെ. സൂര്യ, ജാക്കി ഷ്റഫ് എന്നിവർക്കൊപ്പം സെറ്റിൽ നിന്നുള്ളചിത്രങ്ങളും ജോബി പങ്കു വച്ചിരുന്നു. ഫോട്ടോകൾ പെട്ടെന്ന് തന്നെ വൈറലായി. സിനിമയുടെ ക്ലൈമാക്സിൽ കാറിലെത്തുന്നത് മോഹൻലാലിന്റെ ഡ്യൂപ്പാണെന്ന പ്രചാരണവും ശക്തമായി. സംഭവം വിവാദമായതോടെ പോസ്റ്റ് ജോബി കൊടകര നീക്കം ചെയ്തു.
