മോഹൻലാലിനെ മനസ്സിൽ കണ്ടെഴുതിയ കഥയാണ് ‘പഞ്ചാബി ഹൗസ്’; ദിലീപിലേക്കെത്തിയ സാഹചര്യം തുറന്നു പറഞ്ഞ് മെക്കാർട്ടിൻ

Movie

മലയാള ചലച്ചിത്ര ലോകത്ത് റിപ്പീറ്റ് വാല്യു ഉള്ള സിനിമകളിലൊന്നാണ് ‘പഞ്ചാബി ഹൗസ്’. കൈമൾ മാഷിന്റെ ഒറ്റ മകനായ ഉണ്ണിയുടെ കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നു സിനിമയെങ്കിലും മുതലാളിയും രമണനും കഥയിലേക്കെത്തുന്നതോടെ കഥ കോമഡി ട്രാക്കിലേക്ക് മാറി. 1998 ൽ റാഫി മെക്കാർട്ടിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പഞ്ചാബി ഹൗസ്’ 25 വർഷങ്ങൾക്കിപ്പുറവും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ഹാസ്യത്തിന് വേണ്ടി കഷ്ടപ്പെടുന്ന പുതിയ മലയാള സിനിമകൾക്കെല്ലാം ഇന്നും അദ്ഭുതമാണ്‘പഞ്ചാബി ഹൗസ്’. വളരെ രസകരമായ രംഗങ്ങളിലൂടെ കാണികളെ പിടിച്ചിരുത്തിയ ചിത്രത്തിന്റെ പിറവിയെക്കുറിച്ചു റീവൈൻഡ് റീൽസിലൂടെ സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ മെക്കാർട്ടിനും, സിനിമയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളായ രമണനെ അവതരിപ്പിച്ച നടൻ ഹരിശ്രീ അശോകനും.

ഒരു ട്രെയിൻ യാത്രയിൽ കിട്ടിയ കഥ 

മെക്കാർട്ടിനും സുഹൃത്തുക്കളും നടത്തിയ ഒരു ട്രെയിൻ യാത്രയിലായിലാണ് പഞ്ചാബിഹൗസിന്റെ കഥ ഉടലെടുത്തത്. ‘‘യാത്രയ്ക്കിടയിൽ ട്രെയ്‌നിലിൽ നിന്നും ലഭിച്ച ഭക്ഷണം മോശമായിരുന്നു. അത് കഴിക്കാൻ കഴിയാത്തത് കൊണ്ട് ഞങ്ങൾ അത് കളഞ്ഞു. അപ്പോൾ പെട്ടന്നൊരു കുട്ടി വരികയും ഞങ്ങൾ വലിച്ചെറിഞ്ഞ ആ ഭക്ഷണമെടുത്തു കഴിക്കുകയും ചെയ്തു. സ്കൂൾ യൂണിഫോമിലായിരുന്നു അവൻ. അത് കഴിക്കരുതെന്നു അവനോട് ഞങ്ങൾ പറഞ്ഞെങ്കിലും അവൻ അവൻ കഴിച്ചുകൊണ്ട് ഞങ്ങളോട് മറുപടി പറഞ്ഞത് ആംഗ്യ ഭാഷയിലായിരുന്നു.  

അവൻ  ഞങ്ങളുടെ മുൻപിൽ അഭിനയിച്ചതാണോ എന്നൊരു സംശയത്തിൽ നിന്നുമാണ് ഞാൻ പഞ്ചാബിഹൗസ് എഴുതാൻ തീരുമാനിച്ചത്. സംസാരശേഷിയുള്ള ഒരാൾ ഊമയായി അഭിനയിച്ചാൽ എങ്ങനെയുണ്ടാകും എന്നതായിരുന്നു ആദ്യത്തെ ചിന്ത. ഒരു സൂപ്പർ മാർക്കറ്റിലെത്തുന്ന യുവാവ് അവിടുത്തെ ജോലിക്കാരിയായ സംസാരിക്കാൻ കഴിയാത്ത യുവതിയുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ആംഗ്യ ഭാഷയിൽ സംസാരിക്കുന്നു. അയാൾ സാധനങ്ങളുടെ വിലയെല്ലാം ആംഗ്യങ്ങളിലൂടെയാണ് തിരക്കുന്നത്. അവർ തമ്മിലുള്ള സൗഹൃദമായിരുന്നു ആദ്യം എഴുതിയിരുന്നത്. പിന്നീട് ഒരുപാടു ആലോചിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തതിന് ശേഷമാണ് 'പഞ്ചാബി ഹൗസ്' ഇന്ന് കാണുന്ന രൂപത്തിലേയ്ക്ക് എത്തിയത്.

മോഹൻലാലിനെ നായകനാക്കിയാണ് കഥ എഴുതിയത്

‘‘എനിക്കു കഥയെഴുതുമ്പോൾ ഡയലോഗ് കിട്ടാനായി ഞാനൊരു സൂത്രപ്പണി ചെയ്യാറുണ്ട്. എനിക്ക് പരിചയമുള്ള ഏതെങ്കിലും ഒരു നടനെ വച്ച് എഴുതി തുടങ്ങും. മോഹൻലാലായിരുന്നു നായകൻ എന്ന രീതിയിലാണ് ഞാൻ കഥയെഴുതി തുടങ്ങിയത്. പിന്നീട് എഴുത്തിന്റെ ശൈലിയിലേയ്ക്ക് എത്തിയപ്പോഴാണ് ദിലീപ് ചെയ്താൽ നന്നാകുമെന്നു എനിക്ക് തോന്നിയത്. അങ്ങനെയാണ് നായക കഥാപാത്രം ദിലീപിലേയ്ക്ക് എത്തുന്നത്. ഉണ്ണിയുടെ വേഷം ദിലീപ് ചെയ്താൽ മികച്ചതാകുമോയെന്ന ഒരു ചർച്ച വന്നെങ്കിലും കഥ കേട്ടപ്പോൾ ദിലീപിന്റെ ഭാഗത്തു നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീടുള്ള ചർച്ചകളിലെല്ലാം ദിലീപും പങ്കെടുത്തു. ഉണ്ണിയെന്ന കഥാപാത്രത്തെ അദ്ദേഹം വളരെ മികച്ചതാക്കി മാറ്റി" മെക്കാർട്ടിൻ പറഞ്ഞു.

Share this story