രഘുവരൻ ഒരിക്കലും എന്റെ സിനിമാ ജീവിതത്തെ പിന്തുണച്ചിട്ടില്ല; അദ്ദേഹത്തെ വച്ച് എന്നെ അടയാളപ്പെടുത്തരുത്: മനസ്സ് തുറന്ന് നടി രോഹിണി
ചെന്നൈ: അന്തരിച്ച പ്രശസ്ത തമിഴ് നടൻ രഘുവരനുമായുള്ള തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും കരിയറിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി രോഹിണി. രഘുവരൻ ഒരിക്കലും തന്റെ സിനിമാ ജീവിതത്തെ പിന്തുണച്ചിരുന്നില്ലെന്നും, തന്നെ വെറുമൊരു 'ഹൗസ് വൈഫ്' (വീട്ടമ്മ) ആയി കാണാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും രോഹിണി വെളിപ്പെടുത്തി. ഒരു പ്രമുഖ തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഭൂതകാലത്തെക്കുറിച്ച് മനസ്സ് തുറന്നത്.
വിവാഹശേഷം തനിക്ക് കരിയറിൽ നിന്ന് ഏഴ് വർഷത്തോളം വിട്ടുനിൽക്കേണ്ടി വന്നതിന്റെ പ്രധാന കാരണം രഘുവരന്റെ ഈ നിലപാടായിരുന്നു എന്ന് രോഹിണി പറയുന്നു.
"ഞാൻ ജോലി ചെയ്യണമെന്ന് അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നെ ഒരു ഹൗസ് വൈഫ് എന്ന രീതിയിലാണ് അദ്ദേഹം കണ്ടത്. അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം അങ്ങനെയായിരുന്നു. അവിടെ സ്ത്രീകളാരും പുറത്തുപോയി ജോലി ചെയ്യുന്ന പതിവുണ്ടായിരുന്നില്ല. തന്റെ ഭാര്യ എപ്പോഴും തന്റെ സംരക്ഷണയിൽ ആയിരിക്കണം എന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം," രോഹിണി വ്യക്തമാക്കി.
ആ സാഹചര്യങ്ങളിൽ നിന്ന് പുറത്തുകടക്കാനും, കരിയറിലേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്താനും തനിക്ക് ഏറെ പോരാടേണ്ടി വന്നിട്ടുണ്ടെന്ന് രോഹിണി ഓർത്തെടുത്തു. പിന്നീട് അഭിനയത്തിൽ സജീവമായത് കൂടാതെ സിനിമ സംവിധാനം ചെയ്യാനും തനിക്ക് സാധിച്ചതായി താരം കൂട്ടിച്ചേർത്തു.
തന്റെ ഇത്രയും വർഷത്തെ സിനിമാ ജീവിതത്തെയും അധ്വാനത്തെയും വെറും ഏഴ് വർഷത്തെ ദാമ്പത്യത്തിന്റെ പേരിൽ മാത്രം അളക്കരുതെന്നും രോഹിണി ആവശ്യപ്പെട്ടു.
"52 വർഷത്തോളമായി ഞാൻ ഈ സിനിമാ ഇൻഡസ്ട്രിയിലുണ്ട്. എന്നാൽ വെറും 7 വർഷം മാത്രമാണ് ഞാൻ രഘുവരൻ എന്ന മനുഷ്യനൊപ്പം ജീവിച്ചത്. തീർച്ചയായും അദ്ദേഹം എന്റെ മുൻ ഭർത്താവും എന്റെ കുട്ടിയുടെ അച്ഛനുമാണ്. അതിനർത്ഥം എന്റെ സിനിമാ ജീവിതവും ഞാൻ ചെയ്ത എല്ലാ കാര്യങ്ങളും രഘുവരൻ എന്ന ഒറ്റ മനുഷ്യന്റെ പേരിൽ മാത്രം ആശ്രയിച്ചിരിക്കുന്നു എന്നല്ല. അങ്ങനെ അടയാളപ്പെടുത്തുന്നതിൽ എനിക്ക് വേദനയുണ്ട്. ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും എന്റേതായ ഒരു അടയാളപ്പെടുത്തൽ ഞാൻ അർഹിക്കുന്നുണ്ട്," രോഹിണി പറഞ്ഞു.
തങ്ങൾ ഒന്നിച്ചു ജീവിച്ച കാലത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും പലതവണ സംസാരിച്ചു കഴിഞ്ഞതാണെന്നും, ഇനി തന്റെ സിനിമകളെക്കുറിച്ചും കരിയറിനെക്കുറിച്ചും മാത്രം ചോദിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പറഞ്ഞാണ് രോഹിണി വാക്കുകൾ അവസാനിപ്പിച്ചത്. 1996-ൽ വിവാഹിതരായ രഘുവരനും രോഹിണിയും 2004-ലാണ് ഔദ്യോഗികമായി വേർപിരിഞ്ഞത്. 2008 മാർച്ച് 19-നായിരുന്നു രഘുവരന്റെ അന്ത്യം.
