ആദ്യമായി ഇന്ത്യയിലേക്ക് ഓസ്കാർ എത്തിച്ച സിനിമ; വാരിക്കൂട്ടിയത് എട്ട് ഓസ്കാറുകൾ, ഓസ്കാറിനൊപ്പം ലോക റിക്കോർഡ് ഇരട്ടി മധുരമായി: കൃത്യം 40 വർഷം മുൻപ് ഇന്ത്യ ഓസ്കാർ വേദിയെ ഞെട്ടിച്ച ദിനം

Movie

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌കര്‍വേദിയില്‍ തലയുയര്‍ത്തി ഇന്ത്യ. എംഎം കീരവാണി സംഗീതം നൽകിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഓസ്‌കര്‍ പുരസ്‌കാരം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക്.  മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന സംഗീതജീവിതത്തില്‍ ഈ ഓസ്‌കര്‍ പുരസ്‌കാരം കീരവാണിയെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരം കൂടിയാണ്. ദിസ് ഈസ് ലൈഫ് -മിറ്റ്‌സ്‌കി, ഡേവിഡ് ബൈര്‍ണ്‍, റയാന്‍ ലോട്ട്: ലിഫ്റ്റ് മി അപ്പ് - റിഹാന, ടെംസ്, റയാന്‍ കൂഗ്ലര്‍: ഹോള്‍ഡ് മൈ ഹാന്‍ഡ് - ലേഡി ഗാഗ, ബ്ലഡ്‌പോപ്: അപ്ലോസ് - ഡയാന വാരന്‍ എന്നീ ഗാനങ്ങളെ പിന്തള്ളിയാണ് 'നാട്ടു നാട്ടു' ഓസ്‌കറില്‍ മുത്തമിട്ടത്. ഇതിനു മുൻപ് 2008-ലാണ് ഇന്ത്യക്ക് ഓസ്‌കര്‍ ലഭിക്കുന്നത്. സ്ലംഡോഗ് മില്ല്യണയറിലൂടെ എ.ആര്‍.റഹ്‌മാന്‍, ഗുല്‍സാര്‍, റസൂല്‍ പൂക്കുട്ടി എന്നിവരായിരുന്നു ഇന്ത്യയിലേക്ക് ഓസ്കർ കൊണ്ടുവന്നവർ. മികച്ച ഗാനം, ഒറിജിനല്‍ സ്‌കോര്‍, സൗണ്ട് മിക്‌സിങ് എന്നിവയ്ക്കായിരുന്നു പുരസ്‌കാരം. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം റഹ്‌മാനും ഗുല്‍സാറും പങ്കുവെച്ചു. 

അതേസമയം ഇന്ത്യയുടെ പേര് ആദ്യമായി ഓസ്കാർ വേദിയിൽ എഴുതിച്ചേർത്തത്  കൃത്യം 40 വർഷങ്ങൾക്ക് മുൻപാണ്. ഒരു ഇന്ത്യക്കാരനെക്കുറിച്ച് ബ്രിട്ടീഷുകാരൻ സംവിധാനം ചെയ്ത ചിത്രം അന്ന് സ്വന്തമാക്കിയത് എട്ട് ഓസ്കാർ അവാർഡുകളാണ്. മഹാത്മാ ഗാന്ധിയുടെ ജീവിതവും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും പറയുന്ന ഈ ചിത്രം ഇന്നും ഇന്ത്യക്കാരെ അഭിമാനം കൊള്ളിക്കുന്ന ഒന്നാണ്. 

ഇന്ത്യക്കാരനായ ഒരു വ്യക്തിയുടെ, അതായത് ഗാന്ധിയുടെ കഥയാണ് ഗാന്ധി സിനിമ. എന്നാൽ ഈ ചിത്രം സംവിധാനം ചെയ്തത് ഒരു ബ്രിട്ടീഷുകാരനാണ്. പേര് റിച്ചാർഡ് ആറ്റൻബറോ. ലൂയിസ് ഫിഷറിൻ്റെ 'ദി ലൈഫ് ഓഫ് മഹാത്മാഗാന്ധി' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് അറ്റന്‍ബറോ ഗാന്ധി നിര്‍മിച്ചത്. ബെന്‍ കിങ്സ്ലിയാണ് ചിത്രത്തിൽ ഗാന്ധിയായി വേഷമിട്ടത്. ഹോളിവുഡിലെ പ്രധാന അഭിനേതാവായ ബെന്‍ കിങ്സ്ലിക്ക് ഒരു ഇന്ത്യൻ ബന്ധമുണ്ട്. അദ്ദേഹം പകുതി ഇന്ത്യക്കാരനാണ്. അതായത് അദ്ദേഹത്തിൻ്റെ അച്ഛൻ്റെ സ്വദേശം ഗാന്ധിയുടെ സ്വന്തം നാടായ ഗുജറാത്താണ്. 

1982 നവംബര്‍ 30-നാണ് ഇന്ത്യയിൽ ഈ ചിത്രം റിലീസ് ചെയ്തത്. ബ്രിട്ടണില്‍ 1982 ഡിസംബര്‍ മൂന്നിനായിരുന്നു ചിത്രം റിലീസിനെത്തിയത്. ബ്രിട്ടനിലെ സിനിമയുടെ പ്രീമിയര്‍ ഷോ കാണാന്‍ ചാള്‍സ് രാജകുമാരനും ഡയാനാ രാജകുമാരിയുമായിരുന്നു അതിഥികളായി എത്തിയത്. ഗാന്ധി ഏത് രാജ്യത്തിന് എതിരെയാണോ പോരാടിയത് ആ പോരാട്ട ചരിത്രം കാണാൻ ആ രാജ്യത്തിൻ്റെ അവകാശികൾ എത്തിയ സംഭവം അന്ന് വലിയ വാർത്തയായിരുന്നു. 

ഒരു സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരം ഓസ്കാർ ആണ്.  1983-ലെ എട്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ഗാന്ധി സിനിമ സ്വന്തമാക്കിയത്.  മികച്ച സംവിധായകനുള്ള പുരസ്‌കാരം അറ്റന്‍ബറോയും മികച്ച നടനുള്ള പുരസ്‌കാരം ബെന്‍ കിങ്സ്ലിയ്ക്കും ലഭിച്ചു. അതിനുപുറമേ മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ്, കലാസംവിധാനം, ഛായാഗ്രഹണം, വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും ഗാന്ധിക്കു ലഭിച്ചു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ഇന്ത്യക്കാരിക്കായിരുന്നു. ഭാനു അത്തയ്യ. ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഭാനു അത്തയ്യ.

ഈ ഗാന്ധി സിനിമയ്ക്ക് ഒരു ലോകറിക്കോഡുണ്ട്. ഒരു രംഗത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ അഭിനയിച്ച സിനിമ എന്ന റെക്കോഡ് ഗാന്ധിയ്ക്കാണ്. ഈ സിനിമയില്‍ ഗാന്ധിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ചിത്രീകരിച്ച രംഗത്തിനാണ് ഈ റിക്കോഡ്. മൂന്ന് ലക്ഷത്തിലേറെ ആളുകളാണ് അന്ന് ഈ രംഗത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇക്കാര്യത്തില്‍ ഗാന്ധി സിനിമ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടുകയും ചെയ്തു.

ഇന്ത്യയിലെ ഏകദേശം എല്ലാ ഭാഷകളിലും ഈ ചിത്രം മൊഴി മാറ്റിയാണ് പ്രദർശനത്തിന് എത്തിയത്. തെലുങ്ക് ഭാഷയിൽ ഈ ചിത്രം ഇറങ്ങിയപ്പോൾ മഹാത്മാ ഗാന്ധിക്ക് ശബ്ദം നൽകിയത് ആരാണെന്ന് അറിയമോ? നമ്മെ വിട്ടു പിരിഞ്ഞ അനശ്വര ഗായകൻ സാക്ഷാൽ എസ് പി ബാലസുബ്രഹ്മണ്യമാണ് തെലുങ്ക് ഭാഷയിൽ ഗാന്ധിക്കു വേണ്ടി സംസാരിച്ചത്.

Share this story