സ്ക്രിപ്റ്റ് മാറ്റാൻ സർക്കാർ സമ്മർദ്ദമില്ല; വാർത്തകൾ വെറും 'ബക്വാസ്': മാതൃഭൂമി ട്രെയിലർ ലോഞ്ചിൽ സൽമാൻ ഖാൻ

സൽമാൻ ഖാൻ

മുംബൈ: തന്റെ പുതിയ ചിത്രമായ 'മാതൃഭൂമി: മേയ് വാർ റെസ്റ്റ് ഇൻ പീസ്' (Maatrubhumi: May War Rest in Peace)-യുടെ തിരക്കഥ തിരുത്തിയെഴുതാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ വ്യക്തമാക്കി. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കവെയാണ് വ്യാജ പ്രചാരണങ്ങൾക്കെതിരെ സൽമാൻ ശക്തമായി പ്രതികരിച്ചത്.


​തിരക്കഥ മാറ്റിയെഴുതാൻ സർക്കാർ ആവശ്യപ്പെട്ടെന്ന വാർത്തകളെ "വെറും ബക്വാസ്" (നുണ പ്രചാരണം) എന്ന് സൽമാൻ ഖാൻ വിശേഷിപ്പിച്ചു. ചിത്രത്തിൽ ആർക്കെതിരെയും വിദ്വേഷപരമായ പരാമർശങ്ങളോ നെഗറ്റിവിറ്റിയോ ഇല്ലെന്നും, അതിർത്തിയിൽ ഡ്യൂട്ടി ചെയ്യുന്ന ഇരുരാജ്യങ്ങളിലെയും സൈനികരുടെ പ്രതിസന്ധികളും ജീവിതവുമാണ് ചിത്രം സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​2020-ലെ ഗൽവാൻ താഴ്‌വരയിലെ സൈനിക ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ആദ്യം 'ബാറ്റിൽ ഓഫ് ഗൽവാൻ' എന്ന പേരിലായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന 'മാതൃഭൂമി' ഡിസംബർ 4-ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിൽ ചിത്രാംഗദ സിംഗ് ഉൾപ്പെടെയുള്ള മുൻനിര താരങ്ങളും അണിനിരക്കുന്നുണ്ട്. 

Tags

Share this story