ഇന്ന് അവരൊന്നും നമുക്കൊപ്പമില്ലല്ലോ; ഒരുപാട് സങ്കടമുണ്ട്: വിങ്ങിപ്പൊട്ടി മോഹൻലാൽ
മലയാളത്തിലെ എല്ലാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിരീടം. ഇപ്പോഴിതാ 37 വർഷങ്ങൾക്കിപ്പുറം ചിത്രം വീണ്ടും തിയെറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. കൊച്ചിയിൽ നടന്ന പ്രത്യേക സ്ക്രീനിങ്ങിന് ശേഷം വികാരാധീനനായി നടൻ മോഹൻലാൽ പ്രതികരിച്ചു.
ചിത്രത്തിന്‍റെ പുതിയ 4 k റീമാസ്റ്റേർഡ് വേർഷന്‍റെ ട്രെയ്‌ലർ ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സംവിധായകൻ സിബി മലയിലിനൊപ്പം മോഹൻലാൽ ഓർമകൾ പങ്കുവച്ചത്.
"വളരെ സന്തോഷമുണ്ട്. അപൂർവ നിമിഷങ്ങളിലൊന്നാണിത്. 37 വർഷങ്ങൾക്ക് മുൻപ് വളരെ പരിമിതികളോടെ ചെയ്ത സിനിമയാണിത്. ഇന്നാണ് ഈ സിനിമ ഇറങ്ങിയിരുന്നതെങ്കിൽ ഇങ്ങനെയായിരിക്കില്ല. എന്‍റെ സിനിമ ജീവിതത്തിലെ എടുത്തു പറയാവുന്ന സിനിമകളിലൊന്നാണിത്. എനിക്ക് ആദ്യമായി ദേശീയ അവാർഡ് വാങ്ങി തന്ന സിനിമയാണിത്. നന്ദി സിബി..
ഞാൻ സിബിയോട് ചോദിക്കുകയായിരുന്നു. ഇനി ഇങ്ങനൊരു സിനിമയോ അല്ലെങ്കിൽ അതിൽ ജീവിച്ചതുപോലുള്ള ആളുകളോ ഉണ്ടാവുമോ എന്ന്. ഈ നിമിഷത്തിൽ സന്തോഷത്തിനൊപ്പം വലിയ സങ്കടവുമാണ്. അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പലരും ഇന്ന് നമ്മളെ വിട്ടുപോയി. സ്ക്രീനിൽ അവരെയൊക്കെ കണ്ടപ്പോൾ 37 വർഷം പിന്നോട്ട് ടൈം ട്രാവൽ ചെയ്തതുപോലെ തോന്നി.
അന്ന് ആ സിനിമയ്ക്കായി സഹകരിച്ച, പിന്തുണച്ച എല്ലാവരെയും ഈ അവസരത്തിൽ ഓർക്കുന്നു. ഈ സിനിമ ഡിജിറ്റലായി റീസ്റ്റോർ ചെയ്ത് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ച എൻഎഫ്ഡിസിക്കും ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദിയും സന്തോഷവും. താങ്ക്യൂ സിബി, താങ്ക്യൂ വിജയകുമാർ, ഉണ്ണി, ദിനേഷ്... എല്ലാവർക്കും ഒരുപാട് നന്ദി!"
