ഇതാണ് ലാലേട്ടൻ ചെയ്യേണ്ടിയിരുന്നത്; 'ദൃശ്യം 3' ഹിന്ദി റീമേക്കിന് മികച്ച പ്രതികരണം: ഒറിജിനലിനേക്കാൾ ഗംഭീരമെന്ന് പ്രേക്ഷകർ

Drishyam

ബോളിവുഡിൽ റിലീസ് ചെയ്ത അജയ് ദേവ്ഗൺ ചിത്രം 'ദൃശ്യം 3'ക്ക് മികച്ച പ്രതികരണവും നിരൂപക പ്രശംസയും ലഭിക്കുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ഒറിജിനൽ പതിപ്പിനേക്കാൾ ഉപരിയായി, ഹിന്ദി പതിപ്പ് ആകർഷകമായ മാറ്റങ്ങളോടെ അവതരിപ്പിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചുവെന്നാണ് പ്രേക്ഷക വിലയിരുത്തൽ.

​കഥയിലും അവതരണത്തിലും വരുത്തിയ നിർണായക മാറ്റങ്ങളാണ് ഹിന്ദി റീമേക്കിനെ കൂടുതൽ ജനപ്രിയമാക്കിയത്. "ഇതാണ് ലാലേട്ടൻ ചെയ്യേണ്ടിയിരുന്നത്" എന്നും, ഒറിജിനൽ പതിപ്പിൽ ഉണ്ടായിരുന്ന പോരായ്മകൾ പരിഹരിച്ച് ക്ലൈമാക്സിലടക്കം വലിയ ത്രില്ലിംഗ് ഘടകങ്ങൾ ഉൾപ്പെടുത്താൻ ഹിന്ദി പതിപ്പിന് കഴിഞ്ഞുവെന്നും സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

പ്രമുഖ സിനിമാ നിരൂപകനായ തരണ്‍ ആദര്‍ശ് ചിത്രത്തിന് 4.5/5 റേറ്റിങാണ് നല്‍കിയിരിക്കുന്നത്. മലയാളത്തേക്കാള്‍ അതിഗംഭീരമായാണ് സിനിമ ഹിന്ദിയില്‍ ഒരുക്കിയിരിക്കുന്നതെന്നും ഷുവര്‍ ഷോട്ട് ബ്ലോക്ബസ്റ്ററാണൈന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

മലയാളത്തിലെ ദൃശ്യം 3ല്‍ നിന്ന് കഥയില്‍ ചില മാറ്റങ്ങളോടെയാകും ഹിന്ദി റീമേക്ക് എത്തുകയെന്ന് ജീത്തു ജോസഫ് തന്നെ പറഞ്ഞിരുന്നു. ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചാണ് കഥയില്‍ മാറ്റം വരുത്തിയതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

​റിലീസിന് മുൻപ് തന്നെ അജയ് ദേവ്ഗൺ മോഹൻലാലിനെ വിളിച്ച് ഹിന്ദി പതിപ്പിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയും സിനിമ കാണാൻ ക്ഷണിക്കുകയും ചെയ്തിരുന്നു. നിലവിൽ തിയേറ്ററുകളിൽ വലിയ തരംഗമാണ് 'ദൃശ്യം 3' ഹിന്ദി പതിപ്പ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 

Tags

Share this story