ഇനിയിതുപോലൊരു കലാകാരനെ നമ്മൾക്ക് കിട്ടില്ല; ശ്രീനിവാസന്റെ വേർപാടിൽ അനുശോചിച്ച് മന്ത്രി
നടൻ ശ്രീനിവാസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടനും ഗതാഗത വകുപ്പ് മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ. മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞുവെന്ന് ഗണേഷ് കുമാർ പറഞ്ഞു. തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്. ഈ വിടവ് ഒരിക്കലും മലയാളികൾക്ക് നികത്താൻ ആകില്ലെന്നും മന്ത്രി വ്യക്തമാക്കി
ലോകത്തിന്റെ ഏത് കോണിൽ മലയാളികളുണ്ടോ അവരെല്ലാം ഒരു ദിവസം ശ്രീനിവാസന്റെ സിനിമാ ഡയലോഗ് എങ്കിലും പറയാതെ, ഓർക്കാതെ കടന്നുപോകില്ല. ഇനി ഇതുപോലെ ഒരു കലാകാരനെ നമ്മൾക്ക് കിട്ടില്ല. ഓരോ രചനകളും മലയാളികളെ സംബന്ധിച്ചിടത്തോളം ചിരികൾ മാത്രമല്ല സമ്മാനിച്ചത്, അവരെ ചിന്തിപ്പിക്കുക കൂടിയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു
ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉർവശി. ഏറ്റവുമധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണവാർത്ത അറിഞ്ഞപ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്. ശ്രീനിയേട്ടന്റെ കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാൻ നന്നായി ഇരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം
ഒരുപാട് കാര്യങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസൻ. വലിയൊരു കലാകാരനായിരുന്നു. ഓർക്കാൻ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. എന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണ്. ഒരിക്കലും ശ്രീനിവാസനെ മറക്കാൻ ആകില്ലെന്നും ഉർവശി അനുസ്മരിച്ചു
ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസൻ. ശ്രീനിവാസനെ കുറിച്ച് എന്താണ് പറയേണ്ടതെന്ന് ഇപ്പോൾ അറിയില്ല. സിനിമാ ജീവിതത്തിൽ ഒടുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസനെന്നും മോഹൻലാൽ പറഞ്ഞു
