യഷിന്‍റെ ‘ടോക്സിക്’ തിയേറ്ററുകളിൽ; സമ്മിശ്ര പ്രതികരണം: ആക്ഷൻ രംഗങ്ങൾക്ക് പ്രശംസ, തിരക്കഥയ്ക്ക് വിമർശനം

Toxic

ഏറെ പ്രതീക്ഷയോടെ എത്തിയ കന്നഡ താരം യഷിന്‍റെ പുതിയ ചിത്രം ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ബുധനാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്തതിന് പിന്നാലെ സമ്മിശ്ര പ്രതികരണം. യഷിന്‍റെ സ്ക്രീൻ പ്രസൻസിനും ആക്ഷൻ രംഗങ്ങൾക്കും ദൃശ്യ മികവിനും ഒരു വിഭാഗം പ്രേക്ഷകർ മികച്ച അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ, തിരക്കഥ, എഡിറ്റിങ്, കഥയുടെ വേഗത, വൈകാരിക ബന്ധത്തിന്‍റെ അഭാവം എന്നിവയെ മറ്റൊരു വിഭാഗം രൂക്ഷമായി വിമർശിച്ചു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം പോർച്ചുഗീസ് ഭരണകാലത്തെ ഗോവയുടെ പശ്ചാത്തലത്തിലുള്ള പീരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയാണ്. യഷ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. 2022ൽ പുറത്തിറങ്ങിയ ‘കെജിഎഫ്: ചാപ്റ്റർ 2’ന് ശേഷം യഷിന്‍റെ ബിഗ് സ്‌ക്രീൻ തിരിച്ചുവരവ് കൂടിയാണ് ‘ടോക്സിക്’.

ചിത്രത്തിന്‍റെ ആദ്യ പകുതിക്ക് പിന്നാലെ ചില പ്രേക്ഷകർ യഷിന്‍റെ താരപ്രഭാവത്തെയും പശ്ചാത്തല സംഗീതത്തെയും ആക്ഷൻ രംഗങ്ങളെയും പ്രത്യേകം പ്രശംസിച്ചു. യഷിന്‍റെ സ്ക്രീൻ പ്രസൻസാണ് ചിത്രത്തിന്‍റെ പ്രധാന ശക്തിയെന്നും ചിലർ അഭിപ്രായപ്പെട്ടു. കിയാര അദ്വാനിയുടെ പ്രകടനത്തിനും ചിത്രത്തിലെ വനിതാ കഥാപാത്രങ്ങൾക്കും മികച്ച അഭിപ്രായം ലഭിച്ചു.

അതേസമയം, ചിത്രത്തിന്‍റെ തിരക്കഥയും എഡിറ്റിങ്ങും കടുത്ത വിമർശനത്തിനിടയായി. ആദ്യ പകുതി വളരെ വലിച്ചുനീട്ടിയതാണെന്നും ഒരു വ്യക്തമായ കഥാപ്രവാഹം അനുഭവപ്പെടുന്നില്ലെന്നും ചില പ്രേക്ഷകർ അഭിപ്രായപ്പെട്ടു. അമിതമായ അക്രമവും അഡൾട്ട് രംഗങ്ങളും ചിത്രത്തിന്‍റെ അനുഭവത്തെ ബാധിച്ചെന്നും ചില പ്രതികരണങ്ങളിൽ പറയുന്നു.

ചില പ്രേക്ഷകർ രണ്ടാം പകുതിയിലെ ആക്ഷൻ രംഗങ്ങളെയും യഷിന്‍റെ ‘മാസ്’ അവതാരത്തെയും പ്രശംസിച്ചു. മികച്ച ദൃശ്യങ്ങളും പ്രൊഡക്ഷൻ വാല്യുവും ചിത്രത്തിന്‍റെ പോസിറ്റീവ് വശങ്ങളായി ചൂണ്ടിക്കാട്ടിയവരുമുണ്ട്. എന്നാൽ കഥയും കഥാപാത്രങ്ങളുടെ വൈകാരികതയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് വിമർശനം.

ആദ്യ ദിനത്തിലെ പ്രതികരണങ്ങൾ ഇതുവരെ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. യഷിന്‍റെ താരപ്രഭാവവും ആക്ഷനും ദൃശ്യഭംഗിയും ആരാധകർ ഏറ്റെടുക്കുമ്പോൾ, തിരക്കഥയും എഡിറ്റിങ്ങും കഥയുടെ അവതരണവും ചില പ്രേക്ഷകർക്ക് നിരാശ സമ്മാനിച്ചെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

Tags

Share this story