മള്‍ട്ടിപ്ലക്‌സുകള്‍ക്ക് ഇരുനൂറിന്‍റെ പണി; ടിക്കറ്റ് നിരക്കിന് പരിധി വരുന്നു

2025 മാര്‍ച്ച് 7ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ ഒരു പ്രഖ്യാപനം നടത്തിയത് തിയെറ്റര്‍ വ്യവസായത്തെ ഞെട്ടിച്ചിരിക്കുകയാണ്.
മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെ കര്‍ണാടക സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് പരമാവധി 200 രൂപയായി പരിമിതപ്പെടുത്തുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
ഏത് തിയെറ്ററായാലും ഒരു ടിക്കറ്റിന് 200 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്നാണു മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. കര്‍ണാടക ഫിലിം ചേംബര്‍ ഒഫ് കൊമേഴ്സും കര്‍ണാടക ഫിലിം എക്‌സിബിറ്റേഴ്സ് അസോസിയേഷനും ഈ നിര്‍ദേശത്തെ പിന്തുണച്ചിട്ടുണ്ട്. തിയെറ്ററുകളിലേക്ക് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ഒരു ശ്രമമായി ഈ നിര്‍ദേശത്തെ കാണുന്നവരുണ്ട്. എന്നാല്‍, മള്‍ട്ടിപ്ലക്‌സ് നടത്തുന്നവർ ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുന്നു.
ഈടാക്കുന്നത് 250-300 രൂപ
സിംഗിള്‍ സ്‌ക്രീന്‍ തിയെറ്ററുകളില്‍ പോലും സിനിമ റിലീസ് ചെയ്യുന്ന ആദ്യ ദിവസം ടിക്കറ്റിന് 250 മുതല്‍ 300 രൂപ വരെയാണ് ഈടാക്കുന്നത്. മള്‍ട്ടിപ്ലക്സുകളിലാകട്ടെ, ബിഗ് ബജറ്റ് സിനിമകള്‍ക്ക് 1,000 രൂപ വരെ ഈടാക്കുന്നുമുണ്ട്.
മള്‍ട്ടിപ്ലക്‌സ് ഭീമനായ പിവിആര്‍ ഐനോക്‌സിന് കര്‍ണാടകയില്‍ മാത്രം 215 സ്‌ക്രീനുകളുണ്ട്. രാജ്യത്ത് ആകെ 1,728 സ്‌ക്രീനുകളാണ് പിവിആറിനുള്ളത്. മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നുള്ള വരുമാനത്തിന്‍റെ 12 ശതമാനം പിവിആറിനു ലഭിക്കുന്നത് കര്‍ണാടകയില്‍നിന്നാണ്.
കര്‍ണാടക മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണു പിവിആര്‍ ഐനോക്‌സ് അറിയിച്ചിരിക്കുന്നത്.
അര്‍ബന്‍ പോപ്പുലേഷനും, വിനോദം ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുതലുള്ളതും കാരണം കര്‍ണാടക, പ്രത്യേകിച്ച് ബെംഗളൂരു, പിവിആര്‍ ഐനോക്‌സിന് നിര്‍ണായകമാണെന്ന് അരിഹന്ത് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡിന്‍റെ ഗവേഷണ മേധാവി അഭിഷേക് ജെയിന്‍ അഭിപ്രായപ്പെട്ടു.
മള്‍ട്ടിപ്ലക്‌സുകളുടെ വരുമാനം
ഒന്നിലധികം വരുമാന മാര്‍ഗങ്ങളുണ്ട് ഇന്ന് ഓരോ മള്‍ട്ടിപ്ലക്‌സുകള്‍ക്കും. അവയില്‍ പ്രധാനം ടിക്കറ്റ് വില്‍പ്പന തന്നെ. ബോക്‌സ് ഓഫീസിലൂടെ നേടുന്ന കളക്ഷന്‍ വിഭജിക്കുകയാണു സാധാരണ മള്‍ട്ടിപ്ലക്‌സുകളും സിനിമാ നിര്‍മാതാക്കളും ചെയ്യുന്നത്. എങ്കിലും ഈ വരുമാന വിഭജനം ഓരോ സിനിമയ്ക്കും വ്യത്യസ്തമായിരിക്കും. അതുപോലെ ഓരോ ആഴ്ചയിലും വ്യത്യാസമുണ്ടാകും.
ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ വരുമാനം പങ്കിടുന്നതിനു വിവിധ മാതൃകകളുണ്ട്. സാധാരണയായി, ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ ടിക്കറ്റ് വരുമാനം തിയെറ്ററും നിര്‍മാതാവും തുല്യമായാണ് പങ്കിടുന്നത്. എന്നാല്‍, സിനിമയ്ക്ക് റിലീസ് ദിവസവും തുടര്‍ന്നും നല്ല കളക്ഷന്‍ ലഭിക്കുകയാണെങ്കില്‍ നിര്‍മാതാവിന് 2.5 ശതമാനം ബോണസ് ലഭിക്കും. അതായത്, വരുമാനം പങ്കിടുന്നത് 52.5 ശതമാനമാകും. തിയെറ്ററിന് 47.5 ശതമാനമാകും ലഭിക്കുക. നേരേ മറിച്ച്, സിനിമയുടെ കളക്ഷന്‍ മോശമാണെങ്കില്‍, തിയെറ്ററിനു ടിക്കറ്റ് വരുമാനത്തിന്‍റെ കൂടുതല്‍ ഭാഗം ലഭിക്കും.
ചുരുക്കിപ്പറഞ്ഞാല്‍, സിനിമ റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചകളില്‍ ടിക്കറ്റ് വരുമാനത്തിന്‍റെ നല്ലൊരു പങ്കും ലഭിക്കുന്നത് നിര്‍മാതാവിനായിരിക്കും. പിന്നീട് തിയെറ്ററുകള്‍ക്കായിരിക്കും വരുമാന നേട്ടം.
ഇന്ന് മെട്രൊ നഗരങ്ങളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ 200-300 രൂപ എന്ന നിരക്കിലാണ് ഒരു ടിക്കറ്റിന് ഈടാക്കുന്നത്. ടിക്കറ്റ് വില്‍പ്പന കഴിഞ്ഞാല്‍ മള്‍ട്ടിപ്ലക്‌സുകളുടെ പ്രധാന വരുമാനം ഭക്ഷണം, ലഘു പാനീയം എന്നിവയുടെ വില്‍പ്പനയിലൂടെയാണ്. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ 100 ശതമാനവും തിയെറ്ററുകള്‍ക്കുള്ളതാണ്.
വളരെ ഉയര്‍ന്ന മാര്‍ജിനാണ് പോപ് കോണും ലഘുപാനീയങ്ങളും വില്‍ക്കുമ്പോള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് ലഭിക്കുന്നത്. അമിത വിലയ്ക്കാണ് ഭക്ഷണ സാധനങ്ങളും ലഘു പാനീയങ്ങളും വില്‍ക്കുന്നതെന്ന പരാതിയും നിലനില്‍ക്കുന്നു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍, രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആര്‍ സിനിമാസ്, മള്‍ട്ടിപ്ലക്‌സുകളിലെ ഭക്ഷ്യ സാധനങ്ങളുടെ വില്‍പ്പനയിലൂടെ നേടിയത് 1,145 കോടി രൂപയായിരുന്നു. അതേസമയം, ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 1,878 കോടി രൂപയുമായിരുന്നു.
തിയെറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന വിവിധ പരസ്യങ്ങളിലൂടെയും വരുമാനം കണ്ടെത്തുന്നുണ്ട്.
ആഘാതം
മുംബൈ, ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ മെട്രൊ നഗരങ്ങളിലെ മള്‍ട്ടിപ്ലക്‌സുകള്‍ വാരാന്ത്യങ്ങളില്‍ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ക്ക് 300 മുതല്‍ 1000 രൂപ വരെയോ അതില്‍ കൂടുതലോ പ്രീമിയം ടിക്കറ്റ് നിരക്കുകളായി ഈടാക്കുന്നുണ്ട്. 200 രൂപ പരിധി നിശ്ചയിച്ചു കൊണ്ടുള്ള തീരുമാനം നടപ്പാക്കുകയാണെങ്കില്‍ തിയെറ്ററുകള്‍ക്കും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും വലിയ തിരിച്ചടിയായിരിക്കും. ടിക്കറ്റിലൂടെ നേടിയിരുന്ന വരുമാനത്തില്‍ ഗണ്യമായ ഇടിവുമുണ്ടാകും.
ബോക്‌സ് ഓഫിസ് വരുമാനത്തെ മാത്രം ആശ്രയിക്കുന്ന ബിഗ് ബജറ്റ് സിനിമകള്‍ക്ക്, ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തിയാല്‍ നിര്‍മാണച്ചെലവ് തിരിച്ചുപിടിക്കാന്‍ പ്രയാസമാകുമെന്നു കരുതുന്നുണ്ട്.
മള്‍ട്ടിപ്ലക്‌സുകള്‍ക്കുമുണ്ട് ന്യായം
പ്രീമിയം ടിക്കറ്റുകള്‍ക്ക് ഈടാക്കുന്ന അമിത നിരക്കിനെ ന്യായീകരിക്കാന്‍ മള്‍ട്ടിപ്ലക്‌സുകള്‍ ആഡംബര ഇരിപ്പിടങ്ങളും പ്രത്യേക സാങ്കേതികവിദ്യയിലും (IMAX, 4DX) നിക്ഷേപം നടത്തുന്നുണ്ട്. മള്‍ട്ടിപ്ലക്‌സുകളിലെ ടിക്കറ്റ് നിരക്ക് ചില ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്നാണു അവര്‍ പറയുന്നത്. സിനിമയുടെ ഫോര്‍മാറ്റ്, ഇരിപ്പിടത്തിന്‍റെ പ്രത്യേകത എന്നിവ പരിഗണിച്ചായിരിക്കും ടിക്കറ്റ് നിരക്ക് നിശ്ചയിക്കുകയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മള്‍ട്ടിപ്ലക്‌സുകള്‍ക്ക് തിരിച്ചടി
ബെംഗളുരു പോലൊരു വന്‍ നഗരത്തില്‍ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തുന്നത് മള്‍ട്ടിപ്ലക്‌സുകള്‍ക്ക് തിരിച്ചടിയാണെന്ന് മൈ സിനിമാസ് ഡയറക്റ്റർ റെനി വർഗീസ് അഭിപ്രായപ്പെടുന്നു. മള്‍ട്ടിപ്ലക്‌സുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന വാടകയും, പണപ്പെരുപ്പവുമൊക്കെ കണക്കിലെടുത്താല്‍ 200 രൂപയ്ക്ക് ടിക്കറ്റ് വില്‍ക്കുന്നത് നഷ്ടമായിരിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ഉദാഹരണമായി ഒരു ടിക്കറ്റിന് 100 രൂപയാണ് ഈടാക്കുന്നതെങ്കില്‍ 18 ശതമാനം ജിഎസ്ടി അടയ്ക്കണം. ബാക്കി 82 രൂപയുടെ പകുതി തുകയായ 41 രൂപ മാത്രമാണ് മള്‍ട്ടിപ്ലക്‌സ് ഉടമയ്ക്ക് ലഭിക്കുന്നത്. ബാക്കി 41 രൂപ നിര്‍മാതാവിനുള്ളതാണ്.
കേരളത്തിലാണെങ്കില്‍ ജിഎസ്ടി 18 ശതമാനം മാത്രമല്ല, ലോക്കല്‍ ബോഡി ടാക്‌സ് (എല്‍ബിടി) 7 ശതമാനം കൂടി അടയ്‌ക്കേണ്ടതുണ്ട്. നിര്‍മാതാക്കള്‍ക്ക് ടിക്കറ്റ് നിരക്കിന്‍റെ 55-60 ശതമാനമാണ് നല്‍കേണ്ടി വരുന്നത്. ഇതെല്ലാം നല്‍കിക്കഴിഞ്ഞാല്‍ ഒരു ടിക്കറ്റിന്മേല്‍ മള്‍ട്ടിപ്ലക്‌സ് ഉടമയ്ക്ക് ലഭിക്കുന്നത് 30 രൂപയാണ്. ഇത്തരം സാഹചര്യം ബിസിനസിന്‍റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.