മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കും

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കേസ് അന്വേഷിക്കുന്ന എൻഐഎയുടെ പ്രത്യേക അന്വേഷണസംഘമാണ് റാണയെ കൊച്ചിയിൽ എത്തിക്കുന്നത്. എൻഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്.
അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയ റാണയെ ഡൽഹിയിലെ എൻഐഎ ആസ്ഥാനത്തു ചോദ്യം ചെയ്യ്ത വരുകയാണ്. അതേസമയം കൊച്ചിയിൽ റാണയെ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട് ഉണ്ട്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.
മുംബൈ ഭീകരാക്രമണം നടക്കുന്നതിന് പത്ത ദിവസം മുൻപ് റാണ കൊച്ചിയിൽ താമസിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു. 2008 നവംബർ പതിനാറിനാണ് റാണ കൊച്ചി മറൈൻ ഡ്രൈവിലെ ഹോട്ടലിൽ മുറിയിടുത്തത്. ഇയാൾക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ഇവർ രണ്ട് ദിവസം ഇവിടെ താമസിച്ചാണ് മടങ്ങിയത്. ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലിൽ അറിയിച്ചിരുന്നത്.
ഇതിന്റെ ഭാഗമായാണ് റാണയെ കൊച്ചിയിൽ എത്തിക്കുന്നത്. ആരെക്കാണാനാണ് റാണ കൊച്ചിയിൽ എത്തിയത് എന്നും , ആരെയെല്ലാം നേരിട്ടു കണ്ടു, എന്തായിരുന്നു സന്ദർശനലക്ഷ്യം, ആരോടെല്ലാം ഈ ദിവസങ്ങളിൽ ഫോണിൽ ബന്ധപ്പെട്ടു തുടങ്ങിയ നിർണായക വിവരങ്ങളിൽ വ്യക്തത വരുത്താനാണു ശ്രമിക്കുന്നത്. കൊച്ചിയിലെത്തിയ റാണ ഇവിടെവെച്ച് 13 ഫോൺ നമ്പറുകളിലേക്ക് വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ നമ്പറുകൾ കണ്ടെത്താൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ യുഎസിൽ നിന്ന് ഡൽഹിയിലെത്തിച്ചത്.ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ഉടൻ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി റാണയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യ്ത വരികയാണ്.