മുനമ്പം ജുഡീഷ്യൽ കമ്മിഷന്‍ നിയമനം; സർക്കാരിനെതിരെ ചോദ്യശരങ്ങളുമായി ഹൈക്കോടതി
കൊച്ചി: മുനമ്പത്ത് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് എന്ത് അധികാരത്തിലെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. മനസിരുത്തിയല്ല ജുഡീഷ്യല്‍ കമ്മിഷന്‍റെ നിയമനമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ജുഡീഷ്യൽ കമ്മിഷൻ നിയമനം കണ്ണിൽ പൊടിയിടാനെന്നായിരുന്നു കോടതിയുടെ പരാമർശം.
മുനമ്പത്ത് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സർക്കാരിനെതിരായ ചോദ്യശരങ്ങൾ. നേരത്തെ 104 ഏക്കറോളം ഭൂമി വഖഫ് ആണെന്ന് സിവിൽ കോടതി കണ്ടെത്തിയതാണ്. വീണ്ടും കമ്മിഷനെ വച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ എങ്ങനെ സാധിക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
എന്നാൽ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങൾ കമ്മിഷന്‍റെ പരിധിയിലില്ലെന്നായിരുന്നു ഇതിനു സർക്കാരിന്‍റെ വാക്കാൽ മറുപടി. പക്ഷേ അക്കാര്യത്തിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട ഹൈക്കോടതി മനസിരുത്തിയല്ല കമ്മിഷൻ നിയമനം നടത്തിയതെന്നും സർക്കാരിനെ വിമർശിച്ചു. മുനമ്പം ജുഡീഷ്യൽ കമ്മിഷന്‍റെ അധികാര പരിധി ഏത് വരെയുണ്ട്, കമ്മിഷനെ നിയമിക്കുവാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്നതിലടക്കം ബുധനാഴ്ച്ച മറുപടി നൽകണം.
തുടർന്ന് ഹർജി ഹൈക്കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി. വഖഫിന്‍റേതെന്ന് കണ്ടെത്തിയ ഭൂമിയിലുൾപ്പെടെ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കുകയും കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങളിൽ വ്യക്തത വരുത്താത്തതിലുമാണ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചത്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരാണോ കേന്ദ്രമാണോ എന്നതിലും വ്യക്തത വേണം. വഖഫ് ഭൂമിയിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.