18 കോടിയുടെ റോഡിൽ 3 മാസത്തിനകം 10 അടി ആഴമുള്ള ഗർത്തം; തകർന്നത് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിർമിച്ച റോഡ്
മുംബൈ: മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ഭാഗമായി 18 കോടി രൂപ ചെലവിൽ നിർമിച്ച റോഡ് മൂന്ന് മാസം പിന്നിടുമ്പോഴേക്കും തകർന്നു. സംസ്ഥാനത്തെ ദഹാനുവിലാണ് സംഭവം. 15.5 കിലോമീറ്റർ ദൈർഘ്യമുള്ള സരണി–ഉർസെ–ഐന റോഡിന്റെ മധ്യഭാഗത്താണ് 10 അടിയിലധികം ആഴമുള്ള വൻ ഗർത്തം രൂപപ്പെട്ടത്.
കരാറുകാരന്റെ തന്നെ ലോറി ഭാഗികമായി ഗർത്തത്തിൽ കുടുങ്ങിയതോടെയാണ് റോഡ് തകർന്ന വിവരം പുറത്തറിഞ്ഞത്. കോടിക്കണക്കിന് രൂപ മുടക്കി നിർമിച്ച റോഡ് തകർന്നതിനെ തുടർന്ന് നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയരുന്നത്.
വിക്രമ്ഗഡിലെ ജിജാവു കൺസ്ട്രക്ഷൻ കമ്പനിയാണ് റോഡ് നിർമിച്ചത്. നിലവാരം കുറഞ്ഞ വസ്തുക്കളും മോശം നിർമാണ രീതികളുമാണ് റോഡ് ഇത്ര വേഗം തകരാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. നിർമാണം നടക്കുന്നതിനിടെ റോഡിന്റെ ഗുണനിലവാരത്തെക്കുറിച്ച് പലതവണ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും അവഗണിച്ചതായി നാട്ടുകാർ പറയുന്നു.
റോഡ് തകർന്നതിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും വീഴ്ചയ്ക്ക് ഉത്തരവാദികളായ കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരേ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
