ഹിമാചൽ പ്രദേശിൽ ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്; അപകടം ബിലാസ്പൂർ-മണ്ഡി ദേശീയപാതയിൽ

ഷില

ഷിംല: ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ-മണ്ഡി ദേശീയപാതയിലുണ്ടായ അപകടത്തിൽ 16 ഓളം യാത്രക്കാർക്ക് പരിക്ക്. സുന്ദർനഗർ സബ് ഡിവിഷനിലെ ഭവാന ചൗക്കിന് സമീപമാണ് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞത്.

​ബിലാസ്പൂരിൽ നിന്നും മണ്ഡിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ തന്നെ പ്രദേശവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും തകർന്ന ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് പൊലീസും ഭരണകൂട ഉദ്യോഗസ്ഥരും ആംബുലൻസും സ്ഥലത്തെത്തി.

​പരിക്കേറ്റ മുഴുവൻ യാത്രക്കാരെയും ഉടനടി സുന്ദർനഗറിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പ്രഥമശുശ്രൂഷ നൽകിയതായും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കാലവർഷം ശക്തമായ സാഹചര്യത്തിൽ മലയോര പാതകളിൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ സുന്ദർനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags

Share this story