'ചോർന്നത് 19,000 രഹസ്യഫയലുകൾ'; കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷാവിവരങ്ങൾ പുറത്തായെന്ന് റിപ്പോർട്ട്
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ കൂടംകുളം ആണവനിലയത്തിന്റെ പത്തൊൻപതിനായിരത്തിലേറെ (19,000) രഹസ്യ ഫയലുകൾ ചോർന്നതായി റിപ്പോർട്ട്. ആണവനിലയത്തിന്റെ ബ്ലൂ പ്രിന്റ് അടക്കമുള്ള അതീവ രഹസ്യവിവരങ്ങളാണ് പുറത്തായതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
റിലയൻസ് ഗ്രൂപ്പിന്റെ ഒരു കരാറിന്റെ ഭാഗമായി ശേഖരിച്ചുവെച്ചിരുന്ന വിവരങ്ങളാണ് ചോർന്നത്. റിലയൻസ് സെർവറിലുണ്ടായ സാങ്കേതിക തകരാറാണ് ഈ വൻ സുരക്ഷാവീഴ്ചയ്ക്ക് കാരണമായതെന്നാണ് വിവരം. മൂന്നാം കക്ഷി ഡാറ്റാ സെന്റർ സേവനദാതാവായ 'യോട്ട' (Yotta) ഹോസ്റ്റ് ചെയ്ത സെർവറിൽ നിന്നാണ് ഈ വിവരങ്ങൾ ചോർന്നിട്ടുള്ളത്. സെർവർ തകരാറിനെക്കുറിച്ച് റിലയൻസ് ഔദ്യോഗികമായി കേന്ദ്ര സർക്കാരിനെ വിവരമറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി.
ആണവനിലയത്തിന്റെ സുരക്ഷാ സംവിധാനങ്ങളെയും സപ്ലൈ ചെയിൻ വിവരങ്ങളെയും മാപ്പ് ചെയ്യാൻ ഈ രേഖകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയേറെയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന ഇത്തരം വിവരങ്ങൾ മറ്റ് രാജ്യങ്ങളുടെ കൈകളിലെത്തുന്നത് ഗുരുതരമായ ഭീഷണിയാണെന്നും വിഷയത്തിൽ എത്രയും വേഗം അടിയന്തര ഇടപെടൽ നടത്തണമെന്നും റിലയൻസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ ഇന്ത്യയുടെ പ്രധാന സൈബർ സുരക്ഷാ ഏജൻസിയായ CERT-In (ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം) അന്വേഷണം ആരംഭിച്ചു. നേരത്തെ 2019-ലും കൂടങ്കുളം ആണവനിലയത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് നെറ്റ്‌വർക്കിന് നേരെ സൈബർ ആക്രമണം നടന്നിരുന്നു.
