ഡൽഹി സത്യ നികേതനിൽ കെട്ടിടം തകർന്നു വീണ സംഭവം: 2 പേരെ രക്ഷപ്പെടുത്തി; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഫോണിൽ സഹായം അഭ്യർത്ഥിക്കുന്നതായി ബി.ജെ.പി എം.എൽ.എ

ഡൽഹി അപകടം

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യ നികേതനിൽ അഞ്ചുനില ബോയ്സ് പി.ജി (ഹോസ്റ്റൽ) കെട്ടിടം നിലംപതിച്ചു. അപകടത്തെ തുടർന്ന് ദുരന്തനിവാരണ സേനയും (NDRF) അഗ്നിശമന സേനയും ഡൽഹി പൊലീസും ചേര്‍ന്ന് പ്രദേശത്ത് ഊർജ്ജിതമായ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

​അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇതുവരെ രണ്ടുപേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലം സന്ദർശിച്ച പ്രാദേശിക ബി.ജെ.പി എം.എൽ.എ അനിൽ ശർമ്മ, ഇനിയും നിരവധി വിദ്യാർത്ഥികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക പ്രകടിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഫോൺ വിളിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തകർ അവരുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു.

​ഞായറാഴ്ച ഉച്ചയ്ക്ക് 1:30-ഓടെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ളതിനാൽ നിരവധിയേറെ വിദ്യാർത്ഥികൾ താമസിച്ചിരുന്ന കെട്ടിടമാണിത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ പേരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

Tags

Share this story