ശബരിമല വിധി അട്ടിമറിക്കാന്‍ സംഘടിത ശ്രമം നടന്നത് തെറ്റ്; ഭരണഘടനയാണ് വിശുദ്ധ പുസ്തകം: ന്യൂനപക്ഷ വിധിയില്‍ ജസ്റ്റിസ് നരിമാന്‍

ശബരിമല വിധി അട്ടിമറിക്കാന്‍ സംഘടിത ശ്രമം നടന്നത് തെറ്റ്; ഭരണഘടനയാണ് വിശുദ്ധ പുസ്തകം: ന്യൂനപക്ഷ വിധിയില്‍ ജസ്റ്റിസ് നരിമാന്‍

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍. ഇന്ന് സുപ്രീം കോടതിയില്‍ അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ ന്യൂനപക്ഷ വിധി വായിക്കുന്നതിനിടെയാണ് ജസ്റ്റിസ് നരിമാന്‍ ശക്തമായ പരാമര്‍ശം നടത്തിയത്.

സുപ്രീം കോടതി വിധിയെ നിശിതമായി വിമര്‍ശിക്കുന്നത് അനുവദിനീയമാണ്. എന്നാല്‍ വിധി അട്ടിമറിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ അനുവദിക്കാനാകില്ല. സുപ്രീം കോടതി ഒരു വിധി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അത് അന്തിമമാണെന്നും ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

2018 സെപ്റ്റംബര്‍ 28നാണ് സുപ്രീം കോടതി യുവതി പ്രവേശനം സാധ്യമാക്കിയ വിധി പുറപ്പെടുവിച്ചത്. ഇതിനെതിരായ പ്രതിഷേധത്തെയാണ് നരിമാന്‍ വിമര്‍ശിച്ചത്. ഭരണഘടനാ മൂല്യങ്ങളുടെ പൂര്‍ത്തികരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണം. വിധി തടയുന്നതിനുള്ള സംഘടിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ല

മുസ്ലിം പള്ളികളിലേക്കും പാഴ്‌സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച ഹര്‍ജികള്‍ ശബരിമല ബഞ്ചിന് മുന്നില്‍ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിഷയം ശബരിമല കേസുമായി കൂട്ടിക്കുഴക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി.

പുന: പരിശോധന ആവശ്യപ്പെട്ട് നല്‍കിയ എല്ലാ ഹര്‍ജികളും തള്ളിക്കളയുകയാണ്. സ്ത്രീകളുടെ ഭരണഘടന അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിധി നടപ്പാക്കണം. ഭരണഘടനയാണ് വിശുദ്ധ പുസ്തകമെന്നും ന്യൂനപക്ഷ വിധിയില്‍ അദ്ദേഹം പറഞ്ഞു

Share this story