മഹാരാഷ്ട്ര കേസിൽ സുപ്രീം കോടതി ഉത്തരവ് നാളെ പത്തരക്ക്; ബിജെപിക്ക് സമയം നീട്ടിക്കിട്ടുന്നു

മഹാരാഷ്ട്ര കേസിൽ സുപ്രീം കോടതി ഉത്തരവ് നാളെ പത്തരക്ക്; ബിജെപിക്ക് സമയം നീട്ടിക്കിട്ടുന്നു

മഹാരാഷ്ട്രയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ ത്രികക്ഷി സഖ്യം നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ വിധി നാളെ പറയും. നാളെ പത്തരയ്ക്ക് കേസിലെ വിധി പറയുമെന്നാണ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് അറിയിച്ചിരിക്കുന്നത്.

സർക്കാർ രൂപീകരിക്കാൻ ശിവസേന-കോൺഗ്രസ്-എൻ സി പി സഖ്യത്തിന് 154 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബർ പറഞ്ഞു. അജിത് പവാറിന്റെ കത്ത് ബിജെപിക്ക് പിന്തുണ നൽകി കൊണ്ടുള്ളതല്ലെന്നും സിബൽ വാദിച്ചു. രാഷ്ട്രപതി ഭരണം പിൻവലിച്ചതിൽ ദുരൂഹതയുണ്ടെന്നും 24 മണിക്കൂർ അല്ലെങ്കിൽ 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും സിബൽ വാദിച്ചു

അതേസമയം വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ടാഴ്ചത്തെ സമയം വേണമെന്നാണ് ബിജെപിക്ക് വേണ്ടി വാദിച്ച അഭിഭാഷകർ ആവശ്യപ്പെട്ടത്. അജിത് പവാർ ഗവർണർക്ക് നൽകിയത് വിശദമായ കത്താണെന്ന് കേന്ദ്രസർക്കാരിനും ഗവർണർക്കും വേണ്ടി ഹാജരായ തുഷാർ മേത്ത വാദിച്ചു. അജിത് പവാർ നൽകിയ കത്ത് തുഷാർ മേത്ത സുപ്രീം കോടതിയിൽ വായിച്ചു

സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും രേഖകൾ വ്യാജമല്ലെന്നുമായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി വാദിച്ചത്. പവാർ കുടുംബത്തിലെ തർക്കങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. എത്ര ദിവസത്തിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് പറയാൻ സുപ്രീം കോടതിക്ക് അവകാശമില്ല. അത് ഗവർണറുടെ അധികാരപരിധിയാണെന്നും റോത്തഗി വാദിച്ചു

 

Share this story