മഹാരാഷ്ട്ര കേസില്‍ സുപ്രീം കോടതി വിധി ഇന്ന്; കര്‍ണാടക മോഡല്‍ പ്രതീക്ഷിച്ച് ത്രികക്ഷി സഖ്യം

മഹാരാഷ്ട്ര കേസില്‍ സുപ്രീം കോടതി വിധി ഇന്ന്; കര്‍ണാടക മോഡല്‍ പ്രതീക്ഷിച്ച് ത്രികക്ഷി സഖ്യം

മഹാരാഷ്ട്ര കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. രാവിലെ 10.30നാണ് കോടതി വിധി പറയുക. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപി സര്‍ക്കാരും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത് എപ്പോഴാണെന്ന് സുപ്രീം കോടതി വിധിക്കും

രണ്ടാഴ്ച സമയം ഗവര്‍ണര്‍ ബിജെപിക്ക് നല്‍കിയിട്ടുണ്ടെന്നാണ് ബിജെപിക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ മുകള്‍ റോത്തഗി വാദിച്ചത്. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ത്രികക്ഷി സഖ്യം ആവശ്യപ്പെട്ടത്.

170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് സോളിസി്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരാക്കിയിരുന്നു. 54 അംഗങ്ങളുള്ള എന്‍ സി പിയുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ഫഡ്‌നാവിസ് അവകാശപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം കര്‍ണാടക കേസില്‍ സ്വീകരിച്ച നിലപാട് തന്നെ സുപ്രീം കോടതി സ്വീകരിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്. യെദ്യൂരപ്പക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം സമയമാണ് ഗവര്‍ണര്‍ വാജുഭായ് വാല അനുവദിച്ചത്. ഇത് സുപ്രീം കോടതി ഒരു ദിവസമായി വെട്ടിക്കുറച്ചിരുന്നു. സമാനമായ രീതിയാകും മഹാരാഷ്ട്രയിലും തുടരുകയെന്നാണ് സൂചന.

 

Share this story