ഗോഡ്‌സെ ദേശഭക്തനല്ല, അത്തരം കാഴ്ചപ്പാടുകളെ ബിജെപി നിഷേധിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ്

ഗോഡ്‌സെ ദേശഭക്തനല്ല, അത്തരം കാഴ്ചപ്പാടുകളെ ബിജെപി നിഷേധിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ്

ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെ ദേശഭക്തനാണെന്ന ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ ലോക്‌സഭയിലെ പരാമർശം വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്. ഗോഡ്‌സെയെ ദേശഭക്തനായി കാണാനാകില്ല. ബിജെപി ഇത്തരം കാഴ്ചപ്പാടുകളെ നിഷേധിക്കുകയാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു

ഗോഡ്‌സെയെ ദേശഭക്തനെന്ന് വിളിക്കുന്നത് മാത്രമല്ല അങ്ങനെ ചിന്തിക്കുന്നതുപോലും അപലപനീയമാണ്. അന്നത്തേത് പോലെ തന്നെ ഇന്നും മഹാത്മാ ഗാന്ധിയുടെ തത്വങ്ങൾ പ്രസക്തമാണ്. ഗാന്ധി രാജ്യത്തിന്റെ ദിശാ വെളിച്ചമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു

പ്രഗ്യാ സിംഗിന്റെ പരാമർശത്തോടെ ബിജെപി വെട്ടിലായിരിക്കുകയാണ്. പ്രഗ്യയെ പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി ഉപദേശകസമിതിയിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം

 

Share this story