പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

പശ്ചിമ ബംഗാൾ നിയമസഭാ മണ്ഡലങ്ങളായ കരിംഗഞ്ച്, ഖരഗ്പൂർ സർദാർ, കലിയഗഞ്ച് എന്നിവിടങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനങ്ങൾ ഉടനെ ഉണ്ടാവും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. തിങ്കളാഴ്ച വോട്ടെടുപ്പ് വേളയിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷം നിലനിൽക്കെയാണ് ഫല പ്രഖ്യാപനം.

ഉത്തരാഖണ്ഡിലെ പിത്തോറഗറിൽ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ഫലങ്ങളും പ്രഖ്യാപിക്കും. സിറ്റിംഗ് എം‌എൽ‌എയും കാബിനറ്റ് മന്ത്രിയുമായ പ്രകാശ് പന്ത് ജൂണിൽ മരിച്ചതിനെത്തുടർന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. പന്തിന്റെ ഭാര്യ ചന്ദ്ര, കോൺഗ്രസിന്റെ അഞ്ജു ലുന്തി, സമാജ്‌വാദി പാർട്ടിയുടെ ലളിത് മോഹൻ ഭട്ട് എന്നിവരാണ് മത്സരാർത്ഥികൾ.

ബംഗാളിൽ ബിജെപിയുടെ കരിംപൂർ സ്ഥാനാർത്ഥി ജയ് പ്രകാശ് മജുംദാറിനെ പോളിംഗ് വേളയിൽ തൃണമൂൽ അനുയായികൾ ആക്രമിക്കുകയും റോഡിന്റെ അരികിൽ ഉള്ള കുഴിയിലേക്ക് തള്ളി ഇടുകയും ചെയ്തിരുന്നു. അക്രമങ്ങൾക്കിടയിലും, മൊത്തത്തിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി.

Share this story