നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കും; ബുക്‌സാർ സെൻട്രൽ ജയിലിൽ തൂക്കുകയറുകൾ ഒരുങ്ങുന്നു

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കും; ബുക്‌സാർ സെൻട്രൽ ജയിലിൽ തൂക്കുകയറുകൾ ഒരുങ്ങുന്നു

നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് സൂചന. ബിഹാറിലെ ബുക്‌സാർ സെൻട്രൽ ജയിലിലെ തടവുകാർ തൂക്കുകയറുകൾ തയ്യാറാക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്ത് തൂക്കുകയറുകൾ തയ്യാറാക്കാനാണ് നിർദേശം ലഭിച്ചിരിക്കുന്നത്.

കേസിലെ പ്രതിയായ വിനയ് ശർമ രാഷ്ട്രപതിയുടെ മുന്നിലുള്ള ദയാഹർജി പിൻവലിച്ചതോടെയാണ് നീക്കം. തൂക്കുകയറുകളുണ്ടാക്കാൻ പണ്ടേ പ്രസിദ്ധമാണ് ബിഹാറിലെ ബുക്‌സാർ സെൻട്രൽ ജയിൽ. മനില കയറുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിക്കൊല്ലാനുള്ള കയർ എത്തിച്ചതും ഇവിടെ നിന്നാണ്

മൂന്ന് ദിവസം മുമ്പാണ് തൂക്കുകയർ തയ്യാറാക്കാനുള്ള നിർദേശം ബുക്‌സാർ ജയിലിൽ ലഭിക്കുന്നത്. നേരത്തെ വിനയ് ശർമയുടെ ദയഹർജി തള്ളണണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിനയ് ശർമ ദയാഹർജി പിൻവലിച്ചത്.

2012 ഡിസംബറിലാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർഥിനിയെ ഓടുന്ന ബസിലിട്ട് വിനയ് ശർമയടക്കമുള്ള പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുന്നതും അതിക്രൂരമായി രീതിയിൽ ആക്രമിച്ച് വഴിയരികിൽ ഉപേക്ഷിക്കുന്നതും. സിംഗപ്പൂരിലെ വിദഗ്ധ ചികിത്സക്കിടെയാണ് പെൺകുട്ടി മരണപ്പെട്ടത്.

 

Share this story