വിവാദ പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും; ആത്മവിശ്വാസത്തിൽ ബിജെപി, എതിർക്കാൻ പ്രതിപക്ഷം

വിവാദ പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും; ആത്മവിശ്വാസത്തിൽ ബിജെപി, എതിർക്കാൻ പ്രതിപക്ഷം

വിവാദമായ പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. രാജ്യസഭയിൽ ഒറ്റക്ക് ഭൂരിപക്ഷമില്ലെങ്കിലും ബിൽ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ബില്ലിനെതിരെ വോട്ട് സമാഹരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്

ലോക്‌സഭയിൽ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ എതിർക്കുമെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന ബില്ലിനെ അനുകൂലിച്ചത് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു

ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി എട്ട് മണിവരെയാണ് രാജ്യസഭയിൽ ബില്ലിൻമേലുള്ള ചർച്ച നടക്കുക. നിലവിൽ 238 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ബിൽ പാസാകാൻ 120 പേരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് 83 അംഗങ്ങളുണ്ട്. എൻ ഡി എക്ക് 105 പേരുടെ പിന്തുണയാണ് രാജ്യസഭയിലുള്ളത്.

എഐഎഡിഎംകെ, ബിജെഡി, വൈ എസ് ആർ കോൺഗ്രസ്, ടി ഡി പി എന്നീ കക്ഷികളിൽ നിന്നായി 22 പേരുടെ പിന്തുണ കൂടി ലഭിക്കുമെന്ന് ബിജെപി പറയുന്നു. എങ്കിൽ 127 പേരുടെ പിന്തുണ ലഭിക്കും.

 

Share this story