മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം പൂർത്തിയായി: ശിവസേനക്ക് ആഭ്യന്തരം, എൻ സി പിക്ക് ധനകാര്യം, കോൺഗ്രസിന് റവന്യു

മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം പൂർത്തിയായി: ശിവസേനക്ക് ആഭ്യന്തരം, എൻ സി പിക്ക് ധനകാര്യം, കോൺഗ്രസിന് റവന്യു

മഹാരാഷ്ട്രയിൽ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച തീരുമാനമായി. നിയമസഭയുടെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണ് മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ച് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തരവും ശിവസേന തന്നെ കൈകാര്യം ചെയ്യും. എൻ സി പിക്കാണ് ധനകാര്യ വകുപ്പ്. റവന്യു, ഊർജവകുപ്പുകളാണ് കോൺഗ്രസിനുള്ളത്. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ആഭ്യന്തര മന്ത്രിയാകും. നഗരവികസനം, വനം-പരിസ്ഥിതി, ജലവിതരണം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളും ഷിൻഡെ കൈകാര്യം ചെയ്യും

ശിവസേനയുടെ സുഭാഷ് ദേശായി വ്യവസായം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സ്‌പോർട്‌സ്, യുവജനക്ഷേമം, കൃഷി, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും.

എൻ സി പിയുടെ ജയന്ത് പാട്ടീൽ ധനകാര്യമന്ത്രിയാകും. ഭവന നിർമാണം, ആരോഗ്യം, തൊഴിൽ, ന്യൂനപക്ഷം എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്യും. എൻ സി പിയുടെ ചഗൻ ഭുജ്ബൽ നഗരവികസനം, ജലവിഭവം, സാമൂഹ്യക്ഷേമം എന്നിവ കൈകാര്യം ച്യെയും

കോൺഗ്രസിന്റെ ബാലാസാഹേബ് തൊറാട്ട് റവന്യുമന്ത്രിയാകും. മെഡിക്കൽ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്യും. കോൺഗ്രസിന്റെ നിതിൻ റാവത്ത് പൊതുമരാമത്ത്, ഗോത്രവർഗ ക്ഷേമം, വനിതാ ശിശുവികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും

 

Share this story