പൗരത്വ ഭേദഗതി: ബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചു; ട്രെയിൻ സർവീസുകൾ റദ്ദാക്കി

പൗരത്വ ഭേദഗതി: ബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചു; ട്രെയിൻ സർവീസുകൾ റദ്ദാക്കി

പൗരത്വ നിയമഭേദഗതിയെ തുടർന്നുള്ള പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചു. പ്രതിഷേധം മിക്കയിടങ്ങളിലും കലാപമായി മാറുന്ന സാഹചര്യത്തിലാണ് നടപടി.

മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ, ഹൗറ ജില്ലകളിലും നോർത്ത് പർഗനാസ് ജില്ലയിലെ ബരാസാത്, ബസിർഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരുയ്പൂർ, കാനിംഗ് സബ് ഡിവിഷനുകളിലുമാണ് ഇന്റർനെറ്റ് സേവനം നിരോധിച്ചത്.

മുർഷിദാബാദിലെ ലാൽഗൊല റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾ സമരക്കാർ കത്തിച്ചിരുന്നു. ഇതിന് പിന്നാലെ കൃഷ്ണഗഞ്ച് റെയിൽവേ സ്റ്റേഷനിലെ ഒരു ട്രെയിനിനും സമരക്കാർ തീയിട്ടു. കൊൽക്കത്തയിൽ 15 ബസുകളും സമരക്കാർ കത്തിച്ചിരുന്നു.

ബംഗാൾ വഴി കടന്നുപോകുന്ന ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളടക്കം രംഗത്തിറങ്ങിയിട്ടുണ്ട്

Share this story