ജയ്പൂർ സ്‌ഫോടന പരമ്പര: ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരരായ നാല് പേർക്ക് വധശിക്ഷ

ജയ്പൂർ സ്‌ഫോടന പരമ്പര: ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരരായ നാല് പേർക്ക് വധശിക്ഷ

80 പേരുടെ മരണത്തിനിടയാക്കിയ ജയ്പൂർ സ്‌ഫോടന പരമ്പര കേസിലെ നാല് പ്രതികൾക്ക് വധശിക്ഷ. ഇന്ത്യൻ മുജാഹിദ്ദിൻ ഭീകരരായ സർവാർ ആസ്മി, മൊഹമ്മദ് സെയ്ഫ്, സെയ്ഫുൽ റഹ്മാൻ, സൽമാൻ എന്നിവർക്കാണ് രാജസ്ഥാൻ കോടതി ശിക്ഷ വിധിച്ചത്.

കേസിലെ അഞ്ചാം പ്രതി ഷഹബാസ് ഹുസ്സൈനെ കോടതി വിട്ടയച്ചു. സ്‌ഫോടനപരമ്പരയുടെ സൂത്രധാരനായ ആതിഫ് അമീനും മൊഹമ്മദ് സജ്ജാദ് എന്ന മറ്റൊരു ഭീകരനും ഡൽഹി ബട്‌ലാ ഹൗസിൽ 2008 സെപ്റ്റംബറിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

വധശിക്ഷ ലഭിച്ച നാല് പ്രതികളും ഉത്തർപ്രദേശ് സ്വദേശികളാണ്. 2008 മെയ് മാസത്തിലാണ് ജയ്പൂർ സ്‌ഫോടന പരമ്പര അരങ്ങേറിയത്. സ്‌ഫോടനക വസ്തുക്കൾ വെച്ച സൈക്കിളുകൾ ജയ്പൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ചാണ് സ്‌ഫോടനമുണ്ടാക്കിയത്.

രാവിലെ 7.20നും 7.45നും ഇടയിലുള്ള സമയത്ത് പത്തോളം സ്‌ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനത്തിൽ 80 പേർ കൊല്ലപ്പെട്ടു. 170 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

 

Share this story