മംഗളൂരു വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണമില്ല, സിഐഡി അന്വേഷിക്കുമെന്ന് യെദ്യൂരപ്പ

മംഗളൂരു വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണമില്ല, സിഐഡി അന്വേഷിക്കുമെന്ന് യെദ്യൂരപ്പ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവിൽ രണ്ട് പേർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കേസ് സിഐഡി അന്വേഷിക്കുമെന്ന് യെദ്യൂരപ്പ അറിയിച്ചു. ജുഡീഷ്യൽ അന്വേഷണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യമാണ് യെദ്യൂരപ്പ തള്ളിയത്.

അതിരൂക്ഷമായ പ്രതിഷേധമാണ് ഡിസംബർ 19ന് മംഗളൂരു സാക്ഷ്യം വഹിച്ചത്. മംഗളൂരു പഴയ തുറമുഖം സ്ഥിതി ചെയ്യുന്ന ബന്തർ മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രക്ഷോഭ റാലി. പ്രതിഷേധത്തിന് നേർക്ക് പോലീസ് ആദ്യം ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു. സംഘർഷം വ്യാപിച്ചതോടെയാണ് പോലീസ് വെടിയുതിർത്തത്. എന്നാൽ വെടിവെച്ചുവെന്ന കാര്യം മംഗളൂരു പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

രണ്ട് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ജലീൽ കന്തക്, നൗഷിൻ കുദ്രോളി എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. നിരവധി പേർക്ക് വെടിവെപ്പിലും ലാത്തിച്ചാർജിലും പരുക്കേറ്റിരുന്നു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലടക്കം പോലീസ് കയറി അതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരികയും ചെയ്തു

രണ്ട് പേർ കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത് വലിയ വിവാദമായി മാറിയിരുന്നു. രാവിലെ എട്ടരയോടെ കസ്റ്റഡിയിലെടുത്ത ഇവരെ വൈകുന്നേരം മൂന്നരയോടെയാണ് പോലീസ് വിട്ടയച്ചത്. കർണാടക സർക്കാരിന്റെ അക്രിഡിറ്റേഷൻ ഇല്ലാതെ റിപ്പോർട്ട് ചെയ്തുവെന്ന കാരണത്താലാണ് ഇവരെ കസ്റ്റഡിയിൽ വെച്ചത്. സംഭവത്തിൽ കേരളാ സർക്കാരടക്കം ഇടപെടുകയും ചെയ്തിരുന്നു.

Share this story