ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ ബിരുദദാന ചടങ്ങിൽ നിന്ന് പുറത്താക്കി

ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ ബിരുദദാന ചടങ്ങിൽ നിന്ന് പുറത്താക്കി

പോണ്ടിച്ചേരി: ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർഥിനെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങിൽ നിന്ന് പുറത്താക്കി. പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിലെ എം എ മാസ് കമ്മ്യൂണിക്കേഷൻ സ്വർണമെഡൽ ജേതാവായ റബീഹയെയാണ് ചടങ്ങിൽ നിന്ന് പുറത്താക്കിയത്.

രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിൽ ഹിജാബ് ധരിച്ച് പങ്കെടുക്കരുതെന്ന് റബീഹയോട് പറയുകയായിരുന്നു. എന്നാൽ ഹിജാബ് നീക്കം ചെയ്യില്ലെന്ന് റബീഹ നിലപാടെടുത്തു. ഇതോടെ ഹാളിൽ നിന്നും പുറത്തുപോകാൻ സുരക്ഷാ ഉദ്യോഗസ്ഥർ റബീഹയോട് നിർദേശിച്ചു

രാഷ്ട്രപതി മടങ്ങിയ ശേഷമാണ് റബീഹക്ക് ഹാളിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. എന്നാൽ പ്രതിഷേധസൂചകമായി തനിക്ക് ലഭിച്ച സ്വർണമെഡൽ വിദ്യാർഥിനി പരസ്യമായി നിരസിച്ചു.

ചടങ്ങ് തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് തന്നെ പുറത്താക്കിയതെന്ന് വിദ്യാർഥിനി പറയുന്നു. പരിപാടിയിൽ പങ്കെടുക്കാനുള്ള പരിശോധനയും സ്‌ക്രീനിംഗും ഇതിന് മുമ്പ് അവസാനിച്ചിരുന്നു. പ്രസിഡന്റ് വരുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ വന്നെ എന്നെ പുറത്തേക്ക് വിളിക്കുകയായിരുന്നു. എന്റെ ആത്മാഭിമാനം തിരിച്ചെടുക്കാനാണ് മെഡൽ നിരസിച്ചതെന്നും റബീഹ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മൂന്ന് വിദ്യാർഥികൾ രാഷ്ട്രപതിയുടെ ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. 189 പേരിൽ നിന്നും പത്ത് പേരെ തെരഞ്ഞെടുത്ത് ഇവർക്ക് മാത്രം മെഡൽ നൽകിയ ശേഷം രാഷ്ട്രപതി മടങ്ങുകയായിരുന്നു.

Share this story