നുണ പറയുന്ന പ്രധാനമന്ത്രി; രാജ്യത്തെവിടെയും തടവുകേന്ദ്രങ്ങളില്ലെന്ന മോദിയുടെ വാദം പച്ചക്കള്ളം

നുണ പറയുന്ന പ്രധാനമന്ത്രി; രാജ്യത്തെവിടെയും തടവുകേന്ദ്രങ്ങളില്ലെന്ന മോദിയുടെ വാദം പച്ചക്കള്ളം

രാജ്യത്ത് പൗരത്വ പട്ടികയിൽ നിന്ന് പുറത്താകുന്നവർക്കായി തടവുകേന്ദ്രങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം പച്ചക്കള്ളം. തടവുകേന്ദ്രങ്ങളെന്നത് കോൺഗ്രസും അർബൻ നക്‌സലുകളും നടത്തുന്ന ആരോപണം മാത്രമാണെന്നായിരുന്നു മോദി ആരോപിച്ചത്.

എന്നാൽ മുസ്ലീങ്ങൾക്ക് മാത്രമായി രാജ്യത്ത് എവിടെയും തടവുകേന്ദ്രങ്ങളില്ലെന്ന മോദിയുടെ മറ്റൊരു വാദം ശരിയാണ്. അസമിൽ പൗരത്വപട്ടിക തയ്യാറാക്കിയത് മതത്തിന്റെ പേരിലായിരുന്നില്ല. അസമിൽ ജയിലുകളോട് ചേർന്ന് ആറ് തടവുകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. പത്തെണ്ണം പുതിയതായി നിർമിക്കാനുള്ള നീക്കവുമുണ്ട്.

വിദേശികളെന്ന് ട്രൈബ്യൂണലുകൾ കണ്ടെത്തിയ 1043 പേരെ ഇവിടെ പാർപ്പിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കഴിഞ്ഞ മാസം പാർലമെന്റിൽ രേഖാമൂലം മറുപടി നൽകിയത്. ഗോൾപാര, കൊക്രജാർ, സിൽച്ചർ, ദിബ്രൂഗഡ്, ജോർഹഡ്, തേസ്പൂർ എന്നിവിടങ്ങളിലാണ് ഡിറ്റൻഷൻ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഗോൾപാരയിൽ 3000 പേരെ പാർപ്പിക്കാനുള്ള മറ്റൊരു കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്

കർണാടകയിൽ 35 താത്കാലിക തടവുകേന്ദ്രങ്ങളുണ്ടെന്ന് സർക്കാർ അടുത്തിടെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സന്തെക്കൊപ്പയിൽ മറ്റൊരു തടവുകേന്ദ്രം കൂടി തയ്യാറായി വരുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നതുവരെ പാർപ്പിക്കാൻ തടവുകേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്ന 2017 ഓഗസ്റ്റ് ഒന്നിന് ലോക്‌സഭയിൽ അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു അറിയിച്ചതാണ്

ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കുന്നത് പോലും ആലോചിച്ചിട്ടില്ലെന്നതാണ് നരേന്ദ്രമോദിയുടെ മറ്റൊരു പച്ചക്കള്ളം. ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിനുള്ളിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയതാണ്. പാർലമെന്റിനകത്ത് മന്ത്രിമാർ നടത്തുന്ന പ്രഖ്യാപനങ്ങൾ രാജ്യത്തിന് നൽകുന്ന ഉറപ്പായിട്ടാണ് പൊതുവെ കണക്കാക്കുന്നത്. ഈ സമയത്താണ് എൻ ആർ സി ആലോചിച്ചിട്ട് പോലുമില്ലെന്ന് മോദി തന്റെ കള്ളം പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കാൻ നോക്കുന്നത്.

Share this story