ഡൽഹിയിൽ മൂന്നിടിത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു; പ്രതിഷേധം ശക്തമാകുന്നു

ഡൽഹിയിൽ മൂന്നിടിത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു; പ്രതിഷേധം ശക്തമാകുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂർ, ജഫ്രാബാദ്, ചാണക്യപുരിയിലെ യു പി ഭവൻ മേഖല എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച നമസ്‌കാരം കണക്കിലെടുത്ത് ജമാ മസ്ജിദിന് ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്

ഉത്തർ പ്രദേശിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജാമിയ മിലിയ വിദ്യാർഥികൾ ഇന്ന് ചാണക്യപുരിയിലെ യു പി ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയാണ്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഉപരോധം.

സമരത്തിന് ഡി വൈ എഫ് ഐ പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ പോലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. എങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടേക്കില്ലെന്നാണ് വിദ്യാർഥികൾ വ്യക്തമാക്കിയത്. പൗരത്വ നിയമത്തിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുകയാണ്

ഉത്തർപ്രദേശിൽ നടന്ന പോലീസ് നടപടികളിൽ 21 പ്രക്ഷോഭകരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. യുപിയുടെ പല ഭാഗത്തും ഇപ്പോഴും ഇന്റർനെറ്റ് നിരോധനം നിലവിൽ നിൽക്കുകയാണ്. മുസഫർനഗറിൽ മാത്രം 67 കടകളും സർക്കാർ പ്രതികാര നടപടിയുടെ ഭാഗമായി അടച്ചുപൂട്ടി.

Share this story