നിർഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിക്കൊല്ലും; നാല് പ്രതികൾക്കും മരണവാറണ്ട് നൽകി

നിർഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിക്കൊല്ലും; നാല് പ്രതികൾക്കും മരണവാറണ്ട് നൽകി

നിർഭയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് നടപ്പാക്കാൻ ഉത്തരവ്. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ഇതുസംബന്ധിച്ച മരണവാറണ്ട് നാല് പ്രതികൾക്കും നൽകി

പ്രതികൾക്ക് മരണവാറണ്ട് നൽകണമെന്ന നിർഭയയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി വിധി. മുകേഷ് രവി, വിനയ്, അക്ഷയ് എന്നീ പ്രതികളുടെ വധശിക്ഷയാണ് നടപ്പാക്കുന്നത്. വാറണ്ട് പുറത്ത് വന്ന് 14 ദിവസത്തിനകം നിയമപരമായ എല്ലാ സാധ്യതകളും പ്രതികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

കേസിൽ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്. ഒന്നാം പ്രതിയായിരുന്ന രാംസിംഗ് തീഹാർ ജയിലിൽ തൂങ്ങിമരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ ശിക്ഷ പൂർത്തിയാക്കി ജയിൽ മോചിതനായിരുന്നു.

2012 ഡിസംബർ 16ന് ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് യുവതിയെ ആറ് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയും മൃതപ്രായയാക്കിയ ശേഷം റോഡിൽ വലിച്ചെറിയുകയുമായിരുന്നു. ഡിസംബർ 29ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്

 

Share this story